മുംബൈ: പലിശനിരക്ക് കുറയ്ക്കുമെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ സൂചനയുടെ പിൻബലത്തിൽ ഇന്ത്യൻ കന്പോളങ്ങൾ കുതിച്ചു. സെൻസെക്സ് 489 പോയിന്റും നിഫ്റ്റി 140 പോയിന്റും ഉയർന്നു.
രണ്ടു ദിവസത്തെ യോഗത്തിനുശേഷം അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. വൈകാതെ പലിശനിരക്കിൽ മാറ്റം വരുത്തുമെന്ന സൂചന നല്കുകയും ചെയ്തു. ഇതാണ് ആഗോള നിക്ഷേപകരെ വാങ്ങലുകാരാക്കിയത്.
പലിശനിരക്കിൽ മാറ്റം വരുത്തുന്നത് കന്പോളങ്ങൾക്കു നല്ലതാണ്. വലക്കയറ്റം താഴ്ന്ന നിലയിലാണ്. സാന്പത്തികാവസ്ഥ സുസ്ഥിരതയിലാകണമെങ്കിൽ പലിശനിരക്കം വിലക്കയറ്റവും തുല്യമായിരിക്കണമെന്ന് ടാസ്മാക് ഗ്ലോബൽ സൊലൂഷൻസ് അസോസ്യേറ്റ് ഡീൻ മധുമിത ഘോഷ് പറഞ്ഞു.
ആഗോള തരംഗത്തിനൊപ്പം ഇന്ത്യൻ പ്രധാനമന്ത്രിയും ധനമന്ത്രിയും നല്കിയ 100 ദിന കർമപരിപാടിയിലും ബജറ്റിലും നിക്ഷേപകർക്ക് പ്രതീക്ഷ കൈവന്നതും ഇന്ത്യൻ കന്പോളങ്ങളെ സ്വാധീനിച്ചു. സെൻസെക്സ് 488.89 പോയിന്റ് ഉയർന്ന് 39,601.63ലും നിഫ്റ്റി 140.30 പോയിന്റ് ഉയർന്ന് 11,831.75ലും വ്യാപാരം അവസാനിപ്പിച്ചു.
ബോംബെ സൂചികയിൽ യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, സണ് ഫാർമ, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, മാരുതി തുടങ്ങിയ കന്പനികളുടെ ഓഹരികൾ 11.75 ശതമാനം വരെ ഉയർന്നു.ആഗോള തലത്തിൽ ഷാങ്ഹായ്, ഹോങ്കോംഗ്, ടോക്കിയോ, സീയൂൾ സൂചികകൾ കുതിച്ചപ്പോൾ യൂറോപ്യൻ മാർക്കറ്റുകളും ആ പാത പിന്തുടർന്നു.
ജെറ്റ് എയർവേസ് ഓഹരികൾ 122.21 ശതമാനം വരെ ഇന്നലെ കയറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ കൺസോർഷ്യം പാപ്പർ നടപടികളുമായി നാഷണൽ കന്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചതാണ് നിക്ഷേപകരെ ജെറ്റിലേക്ക് അടുപ്പിച്ചത്.
പൊതുമേഖലാ ബാങ്കുകൾക്ക് നല്കാനുള്ള 8,500 കോടി രൂപയുൾപ്പെടെ 25,000 കോടി രൂപയുടെ ബാധ്യത ജെറ്റ് എയർവേസിനുണ്ട്. വിമാന പാട്ടത്തുകയിനത്തിലാണു ബാധ്യത ഏറെയുള്ളത്. പാട്ടത്തുക കുടിശിക വരുത്തിയതിന്റെ പേരിൽ ഏപ്രിൽ 17 മുതൽ പൂർണമായും ജെറ്റ് എയർവേസ് സർവീസ് നിർത്തി.
അതേസമയം, ഇന്ത്യൻ രൂപ 11 പൈസ മെച്ചപ്പെടുത്തി 69.67ലെത്തി. പെട്രോളിയം വിപണിയിൽ ബ്രന്റ് ഇനം ക്രൂഡ് വില ബാരലിന് 2.67 ശതമാനം ഉയർന്ന് 63.47 ഡോളറായി.