വാഴക്കുളം: ലോക്ഡൗണ്‍ ഇളവുകളെക്കുറിച്ചറിഞ്ഞു തന്റെ ഉപജീവനമാര്‍ഗമായ തെങ്ങുകയറ്റത്തിനു പോയ തൊഴിലാളിക്കു പോലീസിന്റെ പിഴശിക്ഷ.
28 വര്‍ഷത്തോളമായി ആവോലിയില്‍ താമസിക്കുന്ന സെന്തില്‍ കുമാറിനാണു കഴിഞ്ഞ ദിവസം 1,000 രൂപ പിഴയൊടുക്കേണ്ടിവന്നത്.
കാർഷികമേഖലയിലെ ജോലികൾക്ക് ഇളവുകളുണ്ടെന്നറിഞ്ഞാണു സെന്തില്‍ സ്ഥിരമായി തെങ്ങുകയറുന്ന തോട്ടത്തിലേക്കു പോയത്.
കുടുംബത്തിന്റെ നിത്യച്ചെലവുകള്‍ക്കും വായ്പയുടെ തിരിച്ചടവിനും വിഷമിച്ചിരുന്നതിനാൽ ജോലിക്കു പോകാതെ തരമില്ലായിരുന്നു.
ഇരുചക്രവാഹനത്തില്‍ രണ്ടു മാസ്കുകളും ഹെല്‍മെറ്റും ധരിച്ചായിരുന്നു യാത്ര. വണ്ടിയുടെ രേഖകളും കൃത്യമായിരുന്നു.
കൂലിപ്പണിക്കാരനാണെന്നു പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്നു സെന്തില്‍ പറയുന്നു.
ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു കുട്ടികളും മാതാപിതാക്കളുമുള്പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണു സെന്തില്‍.
തെങ്ങുകയറ്റത്തിനു പുറമെ പൈനാപ്പിള്‍ ലോഡിംഗ്, പെയിന്റിംഗ് തുടങ്ങിയ ജോലികള്‍ക്കും സെന്തില്‍ പോകാറുണ്ട്. കോവിഡ് രൂക്ഷമായതോടെ അതെല്ലാം മുടങ്ങി.
28 വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നാര്‍ പ്രദേശത്തുനിന്നു തൊഴില്‍ തേടിയെത്തിയ സെന്തില്‍ വിവിധ തൊഴിലിടങ്ങളില്‍ വിശ്രമമില്ലാതെ അധ്വാനിച്ചാണ് അഞ്ചു സെന്റും വീടും ഒരുക്കി ആവോലിക്കാരനായത്.