ടി.ജി.ബൈജുനാഥ്
ഏറെ ട്വിസ്റ്റുകളുള്ള ഒരു സിനിമാക്കഥ പോലെ ആവേശഭരിതമാണു നടൻ സെന്തിൽകൃഷ്ണയുടെ സ്ക്രീൻജീവിതം. നെത്തോലി നെൽസനായുംമഞ്ജുളനായുമൊക്കെ മിനിസ്ക്രീനിൽ ചിരിവിതറി കുടുംബങ്ങളോട് ഇഷ്ടംകൂടി മുന്നോട്ടുപോകുന്പോഴാണ് ട്വിസ്റ്റുകളുടെ തുടക്കം.
തുടക്കമിട്ടതു സംവിധായകൻ വിനയൻ. ചാലക്കുടിക്കാരൻ ചങ്ങാതിയിൽ സെന്തിലിനെ വിനയൻ നായകനാക്കി. ചാലക്കുടിയുടെ ചങ്കിന്റെ വേഷം സെന്തിലിനു പേരും പെരുമയും നല്കി. ഇപ്പോൾ, കരിയറിലെ മറ്റൊരു നിർണായക ട്വിസ്റ്റ് സെന്തിലിനു സമ്മാനിച്ചതു സംവിധായകൻകണ്ണൻ താമരക്കുളം.
ഇമോഷണൽ ത്രില്ലർ ഉടുന്പിൽ തീപ്പൊരി ഡയലോഗുകൾ വിതറി, മാസ് ലുക്കിൽ സെന്തിൽ വരുന്പോൾ ആരും പറഞ്ഞുപോകും..ഇതെന്തൊരുമാറ്റം! അപ്പോഴും സെന്തിലിന് പറയാനുള്ളത് ഇത്രമാത്രം… ‘ നമ്മൾ ഒന്നുമല്ല. ഈശ്വരാധീനം കൊണ്ട് ഇതിലേക്കൊക്കെ എത്തിച്ചേരുകയാണ്!’
ആന്റിഹീറോ
ചാലക്കുടിക്കാരനിൽ നിന്നു വേറിട്ടു നിൽക്കുന്നകാരക്ടറാണ് ഉടുന്പിലെ അനിയെന്നു സെന്തിൽ പറയുന്നു. ‘മണിച്ചേട്ടന്റെ കഥ പറയുന്നതുകൊണ്ടുതന്നെ സെന്റിമെന്റ്സാണ് അതിൽ മെയിൻ. പിന്നെ, സ്നേഹം, കോമഡി എന്നിവ ചേർന്നൊരു സംഭവം. എന്നാൽ, ഉടുന്പിലെ അനി കൂലിത്തല്ലുമായി നടക്കുന്ന ഗുണ്ടയാണ്.
ആന്റിഹീറോ വേഷം. ആളു പരുക്കനാണ്, വില്ലനാണ്. എങ്കിലും, അയാൾ ഒരു മനുഷ്യനാണ്. അയാൾ പല മാനസികാവസ്ഥകളിലൂടെ, സംഘർഷങ്ങളിലൂടെ കടന്നുപോവുകയാണ്. ഒരുപാടു പെർഫോം ചെയ്യാനുള്ള ഏരിയയുണ്ട്’.
റിയലാണ് ഉടുന്പ്
സെന്തിലിന്റെ നാട്ടിലുള്ള രണ്ടു സുഹൃത്തുക്കൾ -അനീഷും ശ്രീജിത്തും – എഴുതിയ ക്വാറി എന്ന സ്ക്രിപ്റ്റ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യാനിരുന്നപ്പോഴാണ് ലോക്ഡൗണായത്. അവരുടെ ഒരു സുഹൃത്തിന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവം അവർ സംവിധായകനുമായി പങ്കുവച്ചു.
നമുക്കു ചുറ്റുമുള്ള പലരുടെയും ലൈഫിൽ അത്തരം സംഭവങ്ങൾ നടക്കാറുണ്ട്. ആ സംഭവത്തിനു സിനിമാറ്റിക് സ്പർശം നല്കിയപ്പോൾ ‘ഉടുന്പ്’ പിറന്നു.
കണ്ണൻ താമരക്കുളത്തിന്റെ തന്നെ ‘വിധി’യിൽ നിന്നാണ് ഉടുന്പിലേക്ക് എത്തിയതെന്ന് സെന്തിൽ പറയുന്നു. ‘ഫ്ളാറ്റിലെ പണക്കാരുടെ ഇടയിൽ താമസിക്കുന്ന സാധാരണക്കാരനായഒരു മിമിക്രി കലാകാരന്റെ വേഷമാണു വിധിയിൽ
ചെയ്തത്.
ഭാര്യയുടെ വാക്കുകേട്ട് നാട്ടിലെ വീടുവിട്ടു ഫ്ളാറ്റിൽ വന്നു താമസിക്കുന്ന ഒരാൾ. ഏറെ സെന്റിമെന്റ്സ് കിട്ടുന്ന, ഇമോഷണലി പ്രാധാന്യമേറിയ കഥാപാത്രം. ആ വേഷം ഇഷ്ടമായിട്ടാണ് ഉടുന്പിലേക്കു വിളിച്ചത്. ഉടുന്പ് അനിയെ എനിക്കു നന്നായി ചെയ്യാനാകുമെന്നു കണ്ണൻ ചേട്ടനു തോന്നിയിട്ടുണ്ടാവണം.’
അനി ഇടപെട്ടാൽ
ഉടുന്പ്, അനിയുടെ ജീവിതത്തിലൂടെ, അയാളുടെ കുടുംബത്തിലൂടെ പറയുന്ന കഥയാണ്. ‘അനി ഒരു സംഭവത്തിൽ ഇടപെട്ടുപോയാൽ ഉടുന്പു പോലെയാണ്, പിന്നെ വിടില്ല.
അതിന്റെ അങ്ങേയറ്റം കാണും വരെ പൊയ്ക്കൊണ്ടേയിരിക്കും. അനിയുടെ കുടുംബത്തിൽ സംഭവിക്കുന്ന ഒരു പ്രശ്നം അയാൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു പറയുകയാണു സിനിമ.’
പുതുമുഖം ആഞ്ജലീനയാണ് ഉടുന്പിൽ സെന്തിലിന്റെ നായിക. യാമി സോനയാണ് ചിത്രത്തിലെ മറ്റൊരു നായിക. അലൻസിയർ, ഹരീഷ് പേരടി, സാജൽ, മനുരാജ് തുടങ്ങിയവരാണു മറ്റുവേഷങ്ങളിൽ. റിലീസിനുമുന്നേ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിലേക്ക് ഉടുന്പിന്റെ റീമേക്ക് അവകാശം വിറ്റുപോയിരുന്നു.
കെട്ടിലും മട്ടിലും ഗുണ്ട!
‘ഗുണ്ടാവേഷം ചെയ്യുന്പോൾ ആളുകൾക്കു ഗുണ്ടയായി ഫീൽ ചെയ്യണം. കെട്ടിലും മട്ടിലും അതുണ്ടാവണം’. അതുണ്ടാക്കിയെടുക്കാൻ നന്നായി പരിശ്രമിച്ചുവെന്ന് സെന്തിൽ. ‘ചാലക്കുടിക്കാരനിൽ ഞാൻ 10-12 കിലോ കൂട്ടിയിരുന്നു. അതിൽ നിന്നു നാലഞ്ചു കിലോ കുറച്ചു.
കുറച്ചു മസിൽസ് വരുത്തി. ബോഡി ലാംഗ്വേജ് മാറ്റി. ലോക്ഡൗണ് ആയിരുന്നതിനാൽ താടി നന്നായി നീട്ടിവളർത്തി. ഇതിൽ താടിയിലും താടിയില്ലാതെയും രണ്ടു ഗെറ്റപ്പുണ്ട്. നന്നായി വർക്കൗട്ട് ചെയ്തു. ഉടുന്പ് അനിയുടെ മൂഡിൽ എത്താൻ സംവിധായകന്റെയും എഴുത്തുകാരുടെയും സപ്പോർട്ടുണ്ടായി.
അവരുടെ മനസിലുള്ള ഉടുന്പ് അനി എന്താണെന്ന് ഒൗട്ട് ലൈൻ തന്നിരുന്നു. നമുക്കു ചുറ്റുമുള്ള പലരുടെയും ആറ്റിറ്റ്യൂഡ് നിരീക്ഷിച്ചു; സിനിമകളിലെ അത്തരം കഥാപാത്രങ്ങളെയും. ഇതെല്ലാം മനസിലിട്ടു വർക്കൗട്ട് ചെയ്ത് എന്റേതായ ഒരു വേർഷൻ കൊടുക്കുകയായിരുന്നു.’
ആ ധൈര്യത്തിൽ
പക്കാ സീരിയസ് കഥാപാത്രമാണ് ഉടുന്പ് അനി. ഹ്യൂമർ ടച്ച് വരാതെ ഈ കാരക്ടറിനെ ചെയ്തു ഫലിപ്പിക്കുക എന്നതായിരുന്നു വെല്ലുവിളിയെന്ന് സെന്തിൽ പറയുന്നു. ‘ചാലക്കുടിക്കാരൻ ചങ്ങാതിയിൽ എല്ലാവരുമറിയുന്ന മണിച്ചേട്ടനെ തെറ്റുകുറ്റങ്ങളില്ലാതെ ചെയ്തു ഫലിപ്പിക്കുക എന്നതു വലിയ ചലഞ്ചായിരുന്നു.
അന്നു രണ്ടും കല്പിച്ചിറങ്ങി. വിനയൻ സാറിന്റെ ഫുൾ സപ്പോർട്ടിൽ അതു സക്സസായി. ഉടുന്പ് അനി കിട്ടിയപ്പോൾ ആ ധൈര്യം എനിക്കുണ്ടായിരുന്നു. നമ്മൾ ആത്മാർഥമായി പണിയെടുത്താൻ ഈ വേഷം വിജയിപ്പിക്കാമെന്ന വിശ്വാസമുണ്ടായിരുന്നു. പിന്നെ, എല്ലാവരുടെയും സപ്പോർട്ടുമുണ്ടായി.’
സെന്തിൽ - പേരടി
സെന്തിൽ – ഹരീഷ് പേരടി കോംബിനേഷനാണ് ഉടുന്പിന്റെ പ്ലസുകളിലൊന്ന്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവനു ശേഷം ഹരീഷ് പേരടിയുടെ ഡയലോഗ് ഡെലിവറിയിലെ മാന്ത്രികത ഫീൽ ചെ യ്യുന്ന വേഷങ്ങളിലൊന്നാവുകയാണ് ഉടുന്പിലെ ഭരതൻ.
ഓൻ ആളു വെടക്കാ, ആ അനിയെ…നിനക്കു മാനം വേണ്ടാന്നു ഞാൻ പറഞ്ഞാ അത്, ജീവൻ വേണ്ടാന്നു പറഞ്ഞാലോ അവൻ അതും എടുക്കും എന്നു പറയുന്ന ഭരതൻ. ‘കിടിലൻ വേഷമാണത്. ഹരീഷേട്ടൻ മനോഹരമായി അതു ചെയ്തിട്ടുണ്ട്്. ഞങ്ങൾ ഒരുമിച്ച് ഇതിലെ കള്ളുപാട്ടിലുമുണ്ട്.
ഭരതന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് അനി. ഭരതന്റെ വലംകൈ. ഭരതനുവേണ്ടി ജീവൻ പോലും കൊടുക്കാൻ തയാറായി നിൽക്കുന്നയാൾ.’ – സെന്തിൽ പറയുന്നു.
സ്രാങ്കും സൈബർ പോലീസും
രാജീവ് രവിയുമായുള്ള സെന്തിലിന്റെ ബന്ധം വൈറസിൽ തുടങ്ങുന്നു. മിനിസ്റ്റർ സി.പി. ഭാസ്്കരനെ ഒപ്പിയെടുത്ത കാമറാമാൻ. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കുറ്റവും ശിക്ഷയും എന്നിവയിലും സെന്തിലിനു വേഷമുണ്ട്.
‘തുറമുഖത്തിൽ മൂന്നു കാലഘട്ടങ്ങൾ. അതിലൊന്നിൽ ജോജു ചേട്ടന്റെ കൂടെയുള്ള സ്രാങ്ക് എന്ന വേഷം. ഇടുക്കിയിൽ നടന്ന ഒരു മോഷണത്തിന്റെ അന്വേഷണത്തിനായി രാജസ്ഥാനിലെത്തുന്ന അഞ്ചു പോലീസുകാരുടെ കഥയാണു കുറ്റവും ശിക്ഷയും. സൈബർ കാര്യങ്ങളിൽ അഗ്രഗണ്യനായ പോലീസ് ഓഫീസറാണ് എന്റെ കഥാപാത്രം രാജീവ്. ആസിഫ് അലി യാണു നായകൻ.’
ചിരുകണ്ടനും പുള്ളിയും
ആകാശഗംഗ 2 ലെ എസ്ഐ ബാലരാമനു ശേഷം സെന്തിൽ വിനയന്റെ പടത്തിലെത്തുകയാണ് ചിരുകണ്ടൻ എന്ന വേഷത്തിൽ; പത്തൊന്പതാം നൂറ്റാണ്ടിൽ. കണ്ണൻ താമരക്കുളത്തിന്റെ അടുത്ത സിനിമ അനൂപ് മേനോൻ എഴുതിയ പൊളിറ്റിക്കൽ ത്രില്ലർ വരാലിലും സെന്തിലിനു വേഷമുണ്ട്;
മൊഹ്സീൻ എന്ന വില്ലൻ കഥാപാത്രം. ജിജു അശോകന്റെ ‘പുള്ളി’യിൽ ഇന്ദ്രൻസിനൊപ്പമുള്ള വേഷം. ‘ത്രില്ലർ സ്വഭാവമുള്ള പടമാണ്. സൂഫിയും സുജാതയും ഫെയിം ദേവാണ് അതിൽ നായകൻ. നായകന്റെ സുഹൃത്തിന്റെ വേഷമാണു ഞാൻ ചെയ്യുന്നത്.’ – സെന്തിൽ പറയുന്നു.