പ്രതിരോധത്തിലൂന്നിയ 4-2-3-1 ശൈലിയിലാണ് യൂറോപ്യൻ സംഘമായ സെർബിയ കളത്തിൽ ഇറങ്ങിയത്. അർജന്റീന, ക്രൊയേഷ്യ, നൈജീരിയ, പെറു, ഡെന്മാർക്ക്, ഈജിപ്ത്, മൊറോക്കോ, റഷ്യ എന്നിവ ഇതിനോടകം തങ്ങളുടെ ആദ്യ മത്സരങ്ങളിൽ ഉപയോഗിച്ചതും ഈ ശൈലിയായിരുന്നു. അർജന്റീനയെ സമനിലയിൽ കുടുക്കിയ ഐസ് ലൻഡ് (4-4-1-1), സ്പെയിനിനെ (4-3-3) കുടുക്കിയ പോർച്ചുഗൽ (4-4-2) എന്നിവയുടേതായിരുന്നു ശനിയാഴ്ചവരെയുള്ള വ്യത്യസ്തമായ മറ്റ് ശൈലികൾ.
രണ്ട് ഹോൾഡിംഗ് മിഡ്ഫീൽഡർമാരായി സെർബിയൻ പരിശീലകൻ മ്ലാഡെൻ ക്രിസ്റ്റയിച്ച് ഇറക്കിയത് മിലിവോജെവിക്കിനെയും മാറ്റിച്ചിനെയുമായിരുന്നു. ഫാൾഡ് 9 ആയി മിത്രോവിക്കും അറ്റാക്കിംഗ് മിഡ്ഫീൽഡർമാരായി ജാജിക്, മിലിൻകോവിക് സേവിച്, ടാഡിക് എന്നിവരും ഇറങ്ങി.
രണ്ട് വിംഗുകളിലൂടെയും ആക്രമിച്ച് കയറുന്ന 3-4-2-1 ശൈലിയിലാണ് കോസ്റ്റാറിക്കൻ പരിശീലകൻ ഓസ്കർ റാമിറസ് ടീമിനെ അണിനിരത്തിയത്. വിംഗർമാർ ആക്രമിച്ച് കയറുന്പോൾ ഡിഫൻഡർമാർ നിലയുറപ്പിക്കുന്ന ഈ ശൈലി 3-4-3ന്റെ വകഭേദമാണ്. വേഗക്കാരായ വിംഗർമാരാണ് ഈ ഫോർമേഷന്റെ ഫലപ്രാപ്തിക്കുവേണ്ടത്. കാൽവോ, ഗാംബൊവ എന്നിവരായിരുന്നു കോസ്റ്റാറിക്കയുടെ ഇടത്, വലത് വിംഗർമാർ.ബ്രയാൻ റൂയിസും ജൊഹാൻ വെനേഗസും ഫോർവേഡുകളായപ്പോൾ സിംഗിൾ സ്ട്രൈക്കറായത് മാർകോ ഉറെനയായിരുന്നു.
സമാര: ഗ്രൂപ്പ് ഇയിലെ ആദ്യ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കോസ്റ്റാറിക്കയെ സെർബിയ പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ അലക്സാണ്ടർ കോളാറോവിന്റെ മികച്ചൊരു ഫ്രീകിക്ക് മാത്രം മതിയായിരുന്നു സെർബിയയ്ക്ക് ഗ്രൂപ്പ് ഇയിൽ ആദ്യ വിജയം നേടാൻ.
കളി തുടങ്ങിയതേ സെർബിയൻ ആക്രമണമായിരുന്നു. തുടക്കത്തിൽതന്നെ കോസ്റ്റാറിക്ക കോർണർ വഴങ്ങി. അലക്സാണ്ടർ മിട്രോവിച്ച് ഹെഡ് ചെയ്ത് പന്ത് ഉയർത്തിവിട്ടെങ്കിലും ജിയാൻകാർലോ ഗോണ്‍സാലസ് ക്ലിയർ ചെയ്തു.
മറുവശത്ത് മാർകോ ഉറേനയുടെ ഷോട്ട് സെർബിയയുടെ വ്ളാഡിമിർ സ്റ്റോകോവിച്ച് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. കോർണറിൽ നിന്നു വന്ന പന്ത് ജിയാൻകാർലോ ഗോണ്‍സാലസ് ഹെഡ് ചെയ്ത് വലയിലേക്കു വിട്ടെങ്കിലും പന്ത് ഗോൾകീപ്പറുടെ കൈകളിൽ വിശ്രമിച്ചു. ആദ്യത്തെ പതിമൂന്ന് മിനിറ്റ് ആക്രമണപ്രത്യാക്രമണങ്ങളാൽ നിറഞ്ഞു.
സെർബിയൻ നായകൻ കോളാറോവിന്റെ ഷോട്ട് പുറത്തേക്കു പോയി. കോസ്റ്റാറിക്ക മുന്നിലെത്തുമെന്നു തോന്നിയ നിമിഷമെത്തി. ഗോണ്‍സാലസിനു തുറന്നുകിട്ടയ അവസരം ക്രോസ്ബാറിനു മുകളിലൂടെ പറന്നു. 13-ാം മിനിറ്റിൽ മിട്രോവിച്ചിന്റെ ഷോട്ട് കെയ്ലർ നവാസിനെ മറികടക്കാനായില്ല. കളിയിൽ സെർബിയ ആധിപത്യം നേടിക്കൊണ്ടിരുന്നു. പാസിംഗിൽ കൃത്യതയും കണ്ടുതുടങ്ങി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ സെർബിയയാണ് മികച്ചുനിന്നത്. കോസ്റ്റാറിക്കയിൽനിന്ന് ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ മാത്രമേ പുറത്തുവന്നുള്ളൂ.
കളിയിലെ കണക്ക്
കോസ്റ്റാറിക്ക സെർബിയ
18 ഫൗൾ 15
2 മഞ്ഞക്കാർഡ് 2
1 ഓഫ് സൈഡ് 3
5 കോർണർ കിക്ക് 4
50% പന്തടക്കം 50%
10 ഷോട്ടുകൾ 10
3 ഗോൾ ഷോട്ട് 3
മാൻ ഓഫ് ദ മാച്ച്
അലക്സാണ്ടർ കോളാറോവ് (സെർബിയ)
തുടക്കം മുതലേ നായകനും പ്രതിരോധതാരവുമായി കോളാറോവ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഫ്രീകിക്കിലൂടെ വിജയ ഗോൾ നേടി.
ഗോൾ വഴി
ഗോൾ 1: അലക്സാണ്ടർ കോളാറോവ് (സെർബിയ). 56-ാം മിനിറ്റിൽ കോളോറോവ് 25 വാരയിൽ നിന്നെടുത്ത ഇടംകാൽ ഫ്രീകിക്ക് വളഞ്ഞ് കോസ്റ്റാറിക്കയുടെ വലയുടെ വലതു മുകൾ മൂലയിൽ.