ജെസ്‌നയ്ക്കായുള്ള അന്വേഷണം ഒന്നേന്നു തുടങ്ങാന്‍ അന്വേഷണ സംഘം; ഇത്തവണ അന്വേഷണം പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്…

റാന്നി: കാണാതായ ജെസ്‌നയ്ക്കാളുള്ള അന്വേഷണം ഒന്നേന്നു തുടങ്ങാനൊരുങ്ങി പോലീസ്. ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതിനു പിന്നാലെ പലയിടങ്ങളിലും ജെസ്നയെ കണ്ടെന്ന വിവരവുമായി നിരവധി കോളുകളാണ് എത്തുന്നത്. എന്നാല്‍ ഇവയില്‍ പലതും പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.

സുല്‍ത്താന്‍ ബത്തേരിയ്ക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ ബംഗളൂരുവില്‍ നിന്ന് ജെസ്നയെ പോലെ സാമ്യമുള്ള ഒരു പെണ്‍കുട്ടി കയറിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം നീക്കി. ഒന്നും വിട്ടുകളയാതെ അന്വേഷണം നടത്തുന്നുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള പറഞ്ഞു.ജെസ്നയെ കാണാതായിട്ട് 52 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒരു സൂചന പോലും പോലീസിന് കണ്ടെത്താന്‍ സാധിക്കാതായതോടെയാണ് തുടക്കം മുതല്‍ നടത്തിയ അന്വേഷണങ്ങള്‍ ഒരിക്കല്‍ കൂടി നടത്താന്‍ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തീരുമാനിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 22 നാണ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജെസ്നയെ കാണാതാവുന്നത്. എരുമേലി വരെ എത്തിയതായി കണ്ടവരുണ്ട്. തുടര്‍ന്ന് ജെസ്ന മുണ്ടക്കയം ബസില്‍ യാത്ര ചെയ്തതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇതോടെ ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വീണ്ടും അന്വേഷണം നടത്താനാണ് ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

 

Related posts