തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട് ആക്രമിച്ച് പെണ്കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന മൂന്ന് പേരെ പിടികൂടാനുള്ള നടപടികൾ ഉൗർജിതമാക്കിയെന്ന് അയിരൂർ ഐഎസ്എച്ച്ഒ ശ്രീജേഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
ചെമ്മരുതി ചാവടിമുക്കിനു സമീപം കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കേസിലെ അഞ്ച് പേർ ഇപ്പോൾ റിമാൻഡിലാണ്. റമീസ്, മുനീർ, അമീർഖാൻ, അഷീബ്, അജയകുമാർ എന്നിവരാണ് പിടിയിലായത്.
പിടിയിലായ മുഖ്യ പ്രതി റമീസിനെതിരെ അഞ്ച് ക്രിമിനൽ കേസുകളും മറ്റ് പ്രതികളായ മുനിറിനെതിരെയും അഷീബിനെതിരെയും നാല് കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
റമീസുമായി അടുപ്പത്തിലായിരുന്ന പെണ്കുട്ടിയെ വീട്ടുകാർ ഈ ബന്ധത്തിൽ നിന്നും പിൻതിരിപ്പിച്ചു. ഈ വിവരം അറിഞ്ഞാണ് റമീസും സുഹൃത്തുക്കളും വ്യാഴാഴ്ച രാത്രിയിൽ മാരകായുധങ്ങളുമായി സംഘടിച്ചെത്തി പെണ്കുട്ടിയുടെ വീട് ആക്രമിച്ചത്.
വീട്ടിലെ പിറക് വശത്തെ വാതിൽ തകർത്ത് പെണ്കുട്ടിയെ കടത്തി കൊണ്ട് പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച മാതാപിതാക്കളെ പ്രതികൾ മർദ്ദിച്ചിരുന്നു. വീട് ആക്രമിച്ച വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അഞ്ച് പേരെയും പിടികൂടിയത്.
പ്രായപൂർത്തിയായ പെണ്കുട്ടിയും റമീസും തമ്മിലുള്ള അടുപ്പം മാതാപിതാക്കൾ എതിർത്തത് പെണ്കുട്ടി തന്നെ യുവാവിനെ അറിയിച്ചതാണ് ആക്രമണ കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
റമീസിനൊപ്പം സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ സ്വീകരിക്കാൻ രണ്ടു വീട്ടുകാരും തയ്യാറാകാത്തതിനെത്തുടർന്ന് പെൺകുട്ടിയെ തിരുവനന്തപുരം മഹിളാമന്ദിരത്തിലേക്ക് മാറ്റി.