മയാമി: അമേരിക്കയുടെ ടെന്നീസ് സ്റ്റാർ സെറീന വില്യംസ് മയാമി ഓപ്പണിൽനിന്നും പിൻവാങ്ങി. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് സെറീന പിൻവാങ്ങിയത്. സെറീന വെള്ളിയാഴ്ച മൂന്നാം റൗണ്ടിൽ കടന്നിരുന്നു.
സ്വീഡന്റെ റെബേക്ക പീറ്റേഴ്സണെ പരാജയപ്പെടുത്തിയാണ് സെറീന മൂന്നാം റൗണ്ടിൽ എത്തിയത്. 23 തവണ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള താരം 2019 ൽ ഏഴു മത്സരങ്ങൾ മാത്രമാണ് പൂർത്തിയാക്കിയത്.
മയാമിയിൽ വാംഗ് ക്വിയാംഗ് ആയിരുന്നു അടുത്ത റൗണ്ടിലെ സെറീനയുടെ എതിരാളി. ഇതോടെ ഇരുപത്തിയേഴുകാരിയായ ചൈനീസ് താരത്തിന് മൂന്നാം റൗണ്ടിൽ ബൈ ലഭിച്ചു. നേരത്തെ ഇന്ത്യൻ വെൽസ് ടൂർണമെന്റിൽനിന്നും സെറീന പിൻമാറിയിരുന്നു. വൈറൽ പനിയായിരുന്നു അന്ന് വില്ലനായത്. തുടർച്ചയായ രണ്ടാമത്തെ ടൂർണമെന്റിൽനിന്നാണ് സെറീന പിൻമാറുന്നത്.