ലണ്ടന്‍: അമേരിക്കയുടെ ഇതിഹാസതാരം സെറീന വില്യംസ് പരിക്കിനെ തുടർന്ന് വിംബിൾഡണിൽനിന്നും പിന്മാറി. ആദ്യ റൗണ്ടിൽ അലയ്കസാണ്ട്ര സസ്നോവിച്ചിനെതിരായ മത്സരത്തിലാണ് സെറീനയെ പരിക്ക് വലച്ചത്. ഏഴ് തവണ വിംബിള്‍ഡണ്‍ നേടിയിട്ടുള്ള താരം ഇതോടെ ആദ്യ സെറ്റുപോലും പൂർത്തിയാക്കാനാവാതെ വിംബിൾഡണിൽനിന്നും മടങ്ങി.
എട്ടാം കിരീടം ലക്ഷ്യമിട്ടാണ് ആറാം സീഡായി സെറിന വിംബിള്‍ഡണിനെത്തിയത്. എന്നാൽ 24 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ നേട്ടത്തിനൊപ്പമെത്തുക എന്ന സ്വപ്നവും ലണ്ടനിൽ പൊലിഞ്ഞു.
മത്സരം അവസാനിപ്പിച്ച സെറീന കണ്ണീരോടെയാണ് കോർട്ടിൽനിന്നും മടങ്ങിയത്. സാസ്നോവിച്ചിനെതിരെ ഒരു ബാക്ക്ഹാന്‍ഡ് കളിച്ച ശേഷം കാലിലെ വേദനകൊണ്ട് കോര്‍ട്ടില്‍ ഇരിക്കുകയായിരുന്നു താരം. പിന്നീട് കരഞ്ഞുകൊണ്ട് ടൂര്ണമെന്റിനോട് വിട വാങ്ങി.