കൽപ്പറ്റ: സ്ത്രീകൾ കൂടുതൽ കാണുന്ന സീരിയലുകളിൽ പലതും കുടുംബങ്ങൾ തകർക്കുന്നതാണെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. കുടുംബശ്രീ ജില്ലാ മിഷനും വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലും സംയുക്തമായി തുടങ്ങിയ ‘വായനശ്രീ’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സീരിയലുകളിൽ നിന്നു നല്ല അറിവ് ലഭിക്കില്ല. വിജ്ഞാനം വർധിപ്പിക്കുന്നതിനു വായന ഉതകും. വായന നല്ല ഭാവനയും സ്വപ്നങ്ങളുമാണ് നൽകുന്നത്. മലയാള സീരിയലുകളിൽ മിക്കതിലും കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണ് പ്രമേയം. ചില സ്ത്രീകളെ ഗുണ്ടകളായാണ് ചിത്രീകരിക്കുന്നത്. കുടുംബങ്ങളിലെ ഗൂഢാലോചനകൾ മാത്രം കണ്ടിരുന്നാൽ സ്ത്രീത്വം തകർന്ന് തരിപ്പണമാകും. വായനയുടെ ഭംഗി മറ്റൊരു മാധ്യമവും തരുന്നില്ല. വായിക്കാൻ കഴിയാതെ ഒതുങ്ങേണ്ടിവന്ന സ്ത്രീകൾക്ക് കൈവന്ന ഭാഗ്യനക്ഷത്രമാണ് വായനശ്രീ. വായയിലൂടെ കുടുംബശ്രീ അതിന്റെ അസാധാരാണമായ ശക്തി കൂടുതൽ വ്യാപിപ്പിക്കണമെന്നും സ്പീക്കർ പറഞ്ഞു.
സി.കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ബഡ്സ് സ്കൂളിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി വിതരണം ചെയ്തു. ജില്ലാ കളക്ടർ എസ്. സുഹാസ് ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖൻ, നഗരസഭ ചെയർപേഴ്സണ്‍ ഉമൈബാ മൊയ്തീൻകുട്ടി, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി. സാജിത, ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് കെ.എം. രാഘവൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. ബാബുരാജ്, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു എന്നിവർ പ്രസംഗിച്ചു.