സീരിയല്‍ നടി അമ്പിളീദേവിയും ആദിത്യനും തമ്മിലുള്ള വിവാഹത്തിനുശേഷം വിവാദങ്ങളുടെ പെരുമഴയാണ്. മുന്‍ഭര്‍ത്താവും ആദിത്യനും തമ്മിലാരംഭിച്ച വാക്പോരില്‍ ഇപ്പോള്‍ വലിയ ആരോപണങ്ങളാണ് ഉയരുന്നത്. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സിനിമരംഗത്തെ പ്രബലനായ ഇപ്പോള്‍ എംഎല്‍എയായ നടനെതിരേ ആദിത്യന് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
തന്റെ അമ്മയെ അടക്കം കള്ളക്കേസില്‍ കുടുക്കിയതും ജീവിതം നശിപ്പിച്ചതും ഈ സിനിമക്കാരനായ എംഎല്‍എ ആണെന്ന് ആദിത്യന് പറയുന്നു. ടിവി അഭിമുഖത്തില്‍ ആദിത്യന് പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവ- 2009 ല്‍ എന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരു എംഎല്‍എ എന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ചു.
എന്നേക്കാള്‍ വലിയ നടന്മാരെ ഒതുക്കിയ നാടാണ് ഇത്. സ്ത്രീവിഷയത്തിലും ആക്രമണകേസിലും ആണ് ഒതുക്കിയിരിക്കുന്നത്. 2009 ല്‍ എന്നെ വീട്ടില്‍ വിളിച്ചു സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ചേട്ടാ, എനിക്കു ചേട്ടന് പറയുന്ന കാര്യം മനസിലാകുന്നില്ല. ഇത് എന്റെ സ്വകാര്യ കാര്യമാണ്. ഞാന്‍ ഒരാള്‍ക്ക് അടി കൊടുത്തിട്ടുണ്ടെങ്കില്‍ അതിനു വ്യകതമായ കാരണമുണ്ട്. ക്ഷമിക്കുകയോ പ്രവര്‍ത്തിക്കുകയോ പറഞ്ഞു തീര്‍ക്കുകയോ ചെയ്യണമെങ്കില്‍ ഞാനാണ് ചെയ്യേണ്ടത്.
അതിനു പിന്നില്‍ പ്രമുഖരായ രണ്ട് നടന്മാര് ഉണ്ടായിരുന്നു. വളരെയധികം നേരം തര്‍ക്കിച്ചതിനു ശേഷമാണ് ഞാന്‍ അന്നു അയാളുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്നത്. എനിക്കു നൊന്ത കാര്യം ഞാന്‍ നിങ്ങള്‍ പറഞ്ഞാല്‍ വിടുമോ..? എനിക്കു മാനസികമായി നൊന്ത കാര്യമാണ് ഇത്. പിറ്റേദിവസം ഏക്സിക്യൂട്ടിവ് മീറ്റിങ്ങ് കൂടി ഞാന്‍ ഗുണ്ടാബന്ധമുളള ആളാണെന്ന് അയാള്‍ പറഞ്ഞു.
അന്ന് തുടങ്ങിയ കഷ്ടകാലം ആണിത്. വരുന്ന വര്‍ക്കുകളെല്ലാം മുടങ്ങും. പല നിര്‍മ്മാതാക്കളും ജയാ, ഒന്നു പോയി സംസാരിക്കൂവെന്ന് പറയുന്നുണ്ടായിരുന്നു. ഒരു പരിധി വരെ ഞാന്‍ സംസാരിച്ചു. സുകുമാരിയമ്മ എന്നെ വളരെയധികം പിന്തുണച്ചു. ഈ പറയുന്ന എംഎല്‍എ എന്റെ പല വര്‍ക്കുകളും ഇല്ലാതാക്കി. അത് എന്നോട് വ്യക്തമായി പറഞ്ഞ ആള്‍ക്കാരുണ്ട്.
പിന്നാലെ പല സംഭവങ്ങളും നടന്നു. എനിക്കു ഭീഷണിയുടെ സ്വരമുളള ഫോണ്‍ കോളുകള്‍ വന്നുകൊണ്ടിരുന്നു. ഞാനും എന്റെ അമ്മയും ഏഴുമാസം ഗര്‍ഭിണിയായ എന്റെ അനുജത്തിയും കേസില്‍ പ്രതികളായി.
എന്റെ അമ്മ മരിക്കാന്‍ തന്നെ കാരണം ഈ കേസുമായി ബന്ധപ്പെട്ടാണ്. എംഎല്‍എയുടെ വീട്ടില്‍ ചെന്ന് മുപ്പതോളം പേരുടെ മുന്പില് ചെന്ന് എന്റെ അമ്മ കാലു പിടിച്ചു. ഞാനും കാലുപിടിച്ച് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞു. എസിപിയുടെ ഓഫിസില്‍ വച്ചു എന്റെ അനുജത്തിക്ക് ബ്ലീഡിങ് ആയി. അന്വേഷണത്തിനൊടുവില്‍ റിപ്പോര്‍ട്ട് എനിക്ക് അനുകൂലമായി തീരുകയും ചെയ്തു- ആദിത്യന് പറയുന്നു.