തലശേരി: ബംഗളൂരുവിൽ 35 പവന് സ്വർണാഭരണങ്ങള്‍ കവര്‍ച്ച നടത്തിയ കേസിൽ അറസ്റ്റിലായ സീരിയൽ താരം തലശേരിയിൽ വ്യാജ പേരിൽ ജോലിചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. മുഖ്യമന്ത്രിയുടെ അടുത്തസുഹൃത്തായ ധർമടം ചിറക്കുനിയിലെ രൈരുനായരുടെ വീട്ടിലാണ് കോഴിക്കോട് സ്വദേശിനി തനൂജ (24) സുമതി എന്ന പേരിൽ രണ്ടുവർഷം ജോലി ചെയ്തത്. ബംഗളൂരുവിൽ നിന്ന് കവർന്ന തൊണ്ടിമുതലുകൾ കണ്ടെടുക്കുന്നതിനും തെളിവെടുപ്പിനുമായി തലശേരിയിലെ സഹകരണ ബാങ്കിൽ എത്തിച്ചപ്പോഴാണ് രൈരുനായരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന കാര്യം തനൂജ പോലീസിനോട് പറഞ്ഞത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യാജപ്പേരിലാണ് ജോലി ചെയ്തതിരുന്നതെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ, എന്തിനാണ് പേരുമാറ്റി ജോലി ചെയ്തതെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. സുമതി എന്ന പേരിൽ ധർമടത്തെ സഹകരണബാങ്കിൽ ഇവർ അക്കൗണ്ടും ആരംഭിച്ചിരുന്നു. ജോലി ചെയ്തിരുന്ന സമയത്ത് വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഇവർ സ്ഥിരമായി തലശേരി ടൗണിലേക്ക് പോയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കോഴിക്കോട് തിക്കോടിയിലുള്ള സുഹൃത്ത് വഴിയാണ് രൈരുനായരുടെ വീട്ടിൽ തനൂജ എത്തുന്നത്. ഈ സമയത്ത് മറ്റൊരു ജോലിക്കാരിയും വീട്ടിലുണ്ടായിരുന്നു.
തനൂജയുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ ചോദ്യംചെയ്തിരുന്നു. ഇതേത്തുടർന്ന് തനിക്ക് മൊബൈൽ കൂടാതെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് തനൂജ ജോലി ഉപേക്ഷിച്ചുപോവുകയായിരുന്നു. തനൂജ ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ ഒരു മൊബൈൽ ഫോണും രൈരുനായരുടെയും ഭാര്യയുടെയും പാസ്പോർട്ടുകൾ അടങ്ങിയ വിലകൂടിയ ട്രാവൽ ബാഗും വീട്ടിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ, ഇവ തനൂജയാണ് എടുത്തതെന്ന് വ്യക്തമല്ലെന്നും അതുകൊണ്ട് അത്തരമൊരു പരാതിയില്ലെന്നും രൈരുനായർ രാഷ്ട്രദീപികയോട് പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരോടൊപ്പം കഴിഞ്ഞിട്ടുള്ള നേതാക്കൾക്കൊപ്പം കഴിഞ്ഞിട്ടുള്ള രൈരുനായർ മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
കഴിഞ്ഞദിവസം തലശേരി ടെമ്പിള്‍ഗേറ്റ് പുതിയ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കേരള- കർണാടക പോലീസ് ടീം തനൂജയെ അറസ്റ്റുചെയ്തത്. ബംഗളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് 35 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലായിരുന്നു അറസ്റ്റ്. കഴിഞ്ഞ സെപ്റ്റംബര്‍ 28 നാണ് കേസിനാസ്പദമായ സംഭവം.
മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ഓഗസ്റ്റിലാണ് പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണാടകയില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാരിയുമായ വീട്ടമ്മയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ഒരു മാസം കൊണ്ട് തന്നെ വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്റ്റംബര്‍ 28 മുതല്‍ കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.