കൊല്ലം: ടെലിവിഷൻ കാഴ്ചകളിലെ സീരിയലുകൾ ജിവിതബന്ധങ്ങൾ ശിഥിലമാക്കാൻ മാത്രമാണ് ഉപകരിക്കുന്നതെന്ന് ചലച്ചിത്രസംവിധായകൻ അടൂർഗോപാലകൃഷ്ണൻ പറഞ്ഞു. മൈനാഗപ്പളളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായി രുന്നു അദ്ദേഹം.
വിദേശ കൃതികൾക്ക് നൽകുന്ന പ്രാധാന്യം കഥകളി സാഹിത്യത്തിന് ലഭിക്കുന്നില്ല . അതിനാണ് കഥകളി ഫെസ്റ്റിവൽ മുൻതൂക്കം നൽകുന്നത്. ക്ലാസിക്കൽ കലകളുടെ ചോർച്ച ദുർബല കലകൾ വളരുന്നതിനാണ് ഇടയാക്കുന്നത്. സാഹിത്യത്തിന് പാഠ്യപദ്ധതിയിൽ കൂടുതൽ ഉൗന്നൽ നൽകുന്ന രീതിയിൽ സജ്ജീകരിക്കേണ്ടതുണ്ടെന്നും അടൂർ പറഞ്ഞു.
ആർ.രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. പി.കെ ഗോപൻ, ക്ഷേത്രഭരണസമിതി പ്രസിഡന്റ് കെ. വിശ്വനാഥപിള്ള, സെക്രട്ടറി രവിമൈനാഗപ്പള്ളി, പ്രൊഫ. എസ്. അജയൻ, ആർ. കരുണാകരൻപിള്ള, സുരേഷ്ചാമവിള, ആർ.ബിജുകുമാർ, ആർ. പ്രകാശ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ വിദ്യാർഥികളുടെ അരങ്ങേറ്റവും നടന്നു.