ബൊഗോട്ട: “ദി ബീസ്റ്റ്’ എന്നറിയപ്പെടുന്ന, ലോകം കണ്ടതിൽ ഏറ്റവും ക്രൂരനായ കൊളംബിയൻ സീരിയൽ കില്ലർ ലൂയിസ് ആൽഫ്രെഡോ ഗ്രാവിറ്റോ ക്യൂബിലോസ് (66) മരിച്ചു.
190 ലധികം കുട്ടികളെ കൊന്ന കേസിലെ പ്രതിയാണ് ഗ്രാവിറ്റൊ. തടവിൽ തുടരവേ വ്യാഴാഴ്ച വടക്കൻ കൊളംബിയയിലെ വല്ലെദുപാറിലെ ആശുപത്രിയിലായിരുന്നു മരണം.
1992 ലാണ് ഗ്രാവിറ്റൊ കൊലപാതകങ്ങൾ തുടങ്ങുന്നത്. ആറിനും 16നും ഇടയിൽ പ്രായമുള്ള ആൺ കുട്ടികളെ ക്രൂരമായ ലൈംഗികപീഡനത്തിനുശേഷം കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ രീതി.
1992ൽ നിരവധി കുട്ടികൾ കൊളംബിയയിൽനിന്നു കാണാതായിരുന്നു. 1994 മുതൽ രാജ്യത്തെ 59 പട്ടണങ്ങളിൽനിന്ന് 114 കുട്ടികളുടെ മൃതദേഹങ്ങൾ പോലീസിന് ലഭിച്ചു.
ഒരേ രീതിയിലായിരുന്നു കുട്ടികൾ കൊല്ലപ്പെട്ടിരുന്നത്. 22 വർഷത്തേക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. 2021 ൽ ശിക്ഷയുടെ കാലാവധി പൂർത്തിയാക്കിയിരുന്നു. എന്നാൽ അന്നത്തെ സർക്കാർ ജയിൽമോചനം തടയുകയായിരുന്നു.