രാജപുരം: സീരിയൽ കുടുംബത്തിന്റെ സമാധനം ഇല്ലാതാക്കുന്നുവെന്നു ജില്ലാ കളക്ടർ കെ.ജീവൻ ബാബു. കുടുംബൂരിൽ മഴപ്പൊലിമ മഹോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളാണ് അധികവും സീരിയലിന് അടിമപ്പെടുന്നത്. ഉച്ചകഴിഞ്ഞ് തുടങ്ങുന്ന സീരിയൽ രാത്രി വരെ തുടരും. ഈ സീരിയലുകളിൽ അധികവും കുടുംബാംഗങ്ങൾ തമ്മിലുളള വഴക്കും വക്കാണവുമാണ് ഉയർത്തിക്കാട്ടുന്നത്. ഇതു ജീവിതത്തിലേക്കു പകർത്തുന്ന കുടുംബങ്ങളിൽ എന്നും പ്രശ്നങ്ങളായിരിക്കുമെന്നും ഇതിനൊരു അറുതി വരണമെങ്കിൽ സീരിയൽ കാണുന്നത് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ കള്ളാർ പഞ്ചായത്ത് കുടുംബൂരിലെ കുടുംബശ്രീ അംഗങ്ങൾ ഇന്നലെ മുതൽ സീരിയൽ ബഹിഷ്കരിക്കുന്ന പ്രഖ്യാപനം വേദിയിൽ നടത്തിയത് കൗതുകമായി.