കട്ടപ്പന: ഇടുക്കി അണക്കരയിൽ നടത്തിയ കള്ളനോട്ട് വേട്ടയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ സീരിയൽ നടി ഉൾപ്പെടെ മൂന്നു പേരെ കൊല്ലത്ത് നിന്ന് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മനയൻ കുളങ്ങര തിരുമുല്ലവാരം ഉഷസിൽ രമാദേവി(56)മക്കളായ സീരിയൽ നടി സൂര്യാ ശശികുമാർ(36)ശ്രുതി (29) എന്നിവരെയാണു കട്ടപ്പന പോലീസ് കൊല്ലത്ത് എത്തി അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച അണക്കരയിൽ നിന്നു 2.19 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ലിയോസാം (44),കരുനാഗപ്പള്ളി അത്തിനാട് അന്പിയിൽ കൃഷ്ണകുമാർ(46), പുറ്റടി അച്ചക്കാനം കടിയൻകുൽ രവീന്ദ്രൻ (58) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെചോദ്യചെയ്തതിൽ നിന്നാണ് കള്ളനോട്ട് അച്ചടിക്കുന്ന കേന്ദ്രം മനസിലായത്. ഇതേത്തുടർന്നാണ് ഇടുക്കി എസ്പി കെ ബി വേണുഗോപാലിന്റെ നിർദേശപ്രകാരം പ്രത്യേക പോലീസ് സംഘം കൊല്ലത്ത് എത്തി രമാദേവിയുടെ ആഡംബരവീട് പരിശോധന നടത്തിയത്. എട്ടു മാസമായി രമേദേവിയുടെ വീടിന്റെ മുകൾ നിലയിലാണ് അച്ചടി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എട്ടു കോടി രൂപ അച്ചടിക്കുകയായിരുന്നു സംഘം ലഷ്യമിട്ടിരുന്നത്.
ലിയോസാം ,കരുനാഗപ്പള്ളി കൃഷ്ണകുമാർ രവീന്ദ്രൻ എന്നിവരാണ് നോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്നത്. നോട്ട് അച്ചടിക്കാനുള്ള സാധനങ്ങൾ വാങ്ങാൻ രമാദേവി 4.5 ലക്ഷം രൂപസംഘത്തിന് നൽകുകയും ചെയ്തു. ഒരുലക്ഷം രൂപ നൽകിയാൽ 3.5 ലക്ഷം രൂപയുടെ വ്യാജനോട്ടുകളാണു സംഘം നൽകിയിരുന്നത്. കിട്ടുന്ന നല്ല നോട്ടിൽ പകുതി രമാദേവിക്ക് നൽകണമെന്നാണ് കരാർ.
5000 ചതുരശ്രഅടി വലുപ്പമുള്ള വീടിന്റെ മുകൾ നില ഇതിനായി വാടകയില്ലാതെ കൊടുത്തു. നോട്ട് അച്ചടിക്കാൻ വിലകൂടിയപേപ്പർ ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണു എത്തിച്ചിരുന്നത്. ലിയോസാമിന്റെ ഉടമസ്ഥതയിലുള്ള ആധുനിക മിഷ്യൻ ഉപയോഗിച്ചാണ് നോട്ട് അച്ചടിച്ചിരുന്നത്. 500 രൂപയുടെ 57 ലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ബിജു എന്ന സ്വാമി വഴിയാണ് രമാദേവി കള്ളനോട്ട് സംഘത്തെ പരിചയപ്പെടുന്നത്.
പ്രിന്റിംഗ് പാതിവഴിയിലായ പേപ്പറും മെഷിനറിയും പിടിച്ചെടുത്തിട്ടുണ്ട്. നോട്ട് അച്ചടിക്ക് സഹായിച്ച പന്ത്രണ്ടു പേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഉടൻ ഇവരെ അറസ്റ്റ്ചെയ്യുമെന്ന് എസ് പി കെ ബി വേണുഗോപാൽ പറഞ്ഞു. രമാദേവിയുടെ വീടിന് മുന്നിൽ ഒരുവനിതാ ഐജി താമസിക്കുന്നുണ്ടായിരുന്നു. ഈ വീട്ടിൽ സീരിയൽ നടിയുള്ളതിനാൽ പുറത്തുനിന്ന് വരുന്നവരെ ആരും ശ്രദ്ധിച്ചിരുന്നുമില്ല.
എസ്പി കെ.ബി വേണുഗോപാലിന്റെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി എൻ സി രാജ്മോഹൻ, സിഐമാരായ വി എസ് അനിൽകുമാർ , വി ഷിബുകുമാർ, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് തിരച്ചിൽ നടത്തി തൊണ്ടി മുതൽ കണ്ടെടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.