ന്യൂയോര്‍ക്ക്: സെപ്റ്റംബര്‍ ഒന്നിനു ജനിച്ച തന്റെ കുഞ്ഞിന്റെ ചിത്രം ടെന്നീസ് വിസ്മയം സെറീന വില്യംസ് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. ഒപ്പം കുഞ്ഞിന്റെ പേരും സെറീന വെളിപ്പെടുത്തി. അലക്സിസ് ഒളിമ്പിയ ഒഹാനിയന് ജൂണിയര്‍ എന്നാണ് സെറീനയുടെ പെണ്‍കുഞ്ഞിന്റെ പേര്. മൂന്നു കിലോയ്ക്ക് അടുത്താണ് കുഞ്ഞിന്റെ തൂക്കം. പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സെറീന ആറു ദിവസത്തിനു ശേഷമാണ് കുഞ്ഞിനു ജന്മം നല്‍കിയത്.
പ്രസവം സങ്കീര്‍ണമായിരുന്നുവെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. എന്നാല്‍, എന്തായിരുന്നു സങ്കീര്‍ണത എന്ന് സെറീന വ്യക്തമാക്കിയില്ല. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം സെറീന പുറം ലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ഓസ്ട്രേലിയന്‍ ഓപ്പണിനിടെയാണ് ഗര്‍ഭം ധരിച്ചതെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു. 23 ഗ്രാന്സ്ലാമുകള് സ്വന്തമാക്കിയ സെറീന 2018ല്‍ ടെന്നീസ് കോര്‍ട്ടില്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്.