ടൊറേന്റോ: റോജേഴ്സ് കപ്പ് ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽനിന്ന് അമേരിക്കയുടെ സെറീന വില്യംസ് പിൻമാറി. പുറംവേദനയെ തുടർന്ന് ആദ്യ സെറ്റ് പൂർത്തിയാക്കുന്നതിനു മുമ്പാണ് സെറീന മത്സരത്തിൽനിന്നും പിൻമാറിയത്. ഇതോടെ കാനഡയുടെ കൗമാരതാരം ബിയാങ്ക ആന്ദ്രീസ്കു കിരീടം സ്വന്തമാക്കി.
റോജേഴ്സ് കപ്പ് വനിതാ സിംഗിൾസ് കിരീടം 1969 ന് ശേഷം ആദ്യമായി സ്വന്തമാക്കുന്ന കാനേഡിയൻ താരമായി പത്തൊൻപതുകാരിയായ ബിയാങ്ക.പരിക്കിനെ തുടർന്ന് കരഞ്ഞുകൊണ്ടാണ് സെറീന കളംവിട്ടത്. മത്സരത്തിൽ 1-3 ന് പിന്നിൽനിൽക്കുമ്പോഴായിരുന്നു 37 കാരിയായ സെറീനയുടെ പിൻമാറ്റം.
ഈ വർഷം തനിക്ക് വിഷമമുള്ളതാണെങ്കിലും തിരിച്ചുവരുമെന്ന് സെറീന ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിന് മുൻപ് ഒരു സിംഗിൾസ് ഫൈനലിൽ സെറീന പിൻമാറുന്നത് 2000 ൽ ആയിരുന്നു. ആ വർഷമാണ് ഇത്തവണത്തെ എതിരാളിയായ ബിയാങ്ക ജനിച്ചത്.