മെൽബൺ: ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനൽ അങ്ങനെ കുടുംബകാര്യമായി മാറി. ഫൈനലിൽ വീനസ് വില്യംസിനെ നേരിടുക അനിയത്തി സെറീന വില്യംസ് ആയിരിക്കും. ക്രൊയേഷ്യയുടെ വെറ്ററൻ താരം മരിയാന ലൂചിച് ബറോണിയയെയാണ് സെറീന സെമിയിൽ തകർത്തത്. സ്കോർ 6 2, 6 1. യുഎസിന്‍റെ കോകോ വാൻഡിവെയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തകർത്താണ് വീനസ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്കോർ 6 7, 6 2, 6 3. 25കാരിയായ വാൻഡിവെ ആദ്യ സെറ്റ് നേരിയ വത്യാസത്തിൽ സ്വന്തമാക്കിയെങ്കിലും രണ്ടും മൂന്നും സെറ്റുകളിൽ ഉജ്ജ്വലമായി തിരിച്ചുവന്ന വീനസ് ഫൈനൽ ബർത്ത് അനായാസം നേടിയെടുക്കുകയായിരുന്നു.
14 വർഷത്തിനുശേഷമാണ് വില്യംസ് സഹോദരിമാരുടെ ഫൈനൽ നടക്കുന്നത്. ഇരുവരും നേർക്കുനേർ വരുന്ന ഒൻപതാം ഗ്രാൻസ്‌ലാം ഫൈനലാണിത്. 2009ൽ വിംബിൾഡൻ ഫൈനലിലാണ് അവസാനമായി ഇരുവരും നേർക്കുനേർ വന്നത്. ഏഴ് ഗ്രാന്‍റ്സ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള വീനസിനെതിരെ കരിയറിലെ 23ാം ഗ്രാന്‍റ്സ്ലാം ലക്ഷ്യമിട്ടാണ് സെറീന ഇറങ്ങുന്നത്.
വീനസ് സെമിയിലെത്തിയതിൽ സന്തോഷമുണ്ടെന്നു പറഞ്ഞ സെറീന തന്‍റെ ലോകം തന്നെ വീനസാണെന്നും പറഞ്ഞു. വീനസാണ് തന്‍റെ മാതൃകയെന്നും പറഞ്ഞ സെറീന വീനസിനെതിരെ കളിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
– See more at: http://www.deepika.com/News_Latest.aspx?catcode=latestin&newscode=199281#sthash.CJwRv3b4.dpuf