കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചെന്ന പരാതിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനെതിരേ ബാര്‍ കൗണ്‍സില്‍ നടപടിക്കൊരുങ്ങുന്നു. ബാര്‍ കൗണ്‍സില്‍ സ്വമേധയാ എടുത്ത പരാതി പരിശോധിക്കാന്‍ അച്ചടക്ക സമിതിക്ക് നിര്‍ദേശം നല്കി.
ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കക്ഷികളില്‍നിന്ന് വന്‍തുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഷാജഹാന് യുട്യൂബ് ചാനലിലൂടെയാണ് പരാമര്‍ശം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.
സൈബിക്കെതിരായ പരാതി തള്ളി
അതേസമയം, അഡ്വ സൈബി ജോസ് കിടങ്ങൂരിനെതിരായ ഒരു പരാതി കേരളാ ബാര്‍ കൗണ്‍സില്‍ തളളി. ചേരാനല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടുളള ആരോപണത്തിലാണ് സൈബിയ്ക്കെതിരെ നടപടി വേണ്ടെന്ന് ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
2013ല്‍ നടന്നതായി പറയുന്ന കേസില്‍ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സൈബി ബാര്‍ കൗണ്‍സിലിന് വിശദീകരണം നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.
ഭാര്യ നല്കിയ കേസ് ഒത്തുതീര്‍പ്പാക്കാനായി അഞ്ച് ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പോലീസ് കേസ് എടുത്തത്. ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസും സൈബിയ്ക്കെതിരേ നിലവിലുണ്ട്.