മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ ‘റോ’യിലെ മുന്‍ ഓഫീസര്‍. ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ ‘റോ’യുടെ വിവരങ്ങള്‍ പുറത്തുവിട്ട് റോ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്ന ഗുരുതര ആരോപണം ഉന്നയിച്ച് റോയിലെ മുന്‍ ഓഫിസര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.
1990-92ല്‍ അന്‍സാരി ടെഹ്‌റാനില്‍ അംബാസഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫിസറായിരുന്ന സൂദ് ആണ് ആരോപണ ഉന്നയിക്കുന്നത്.കാശ്മീരിലെ യുവാക്കള്‍ക്കു ഭീകരപ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് സഹായം ലഭിക്കുന്നതു റോ നിരീക്ഷിച്ചുവരുന്ന കാര്യം അന്‍സാരിയില്‍നിന്ന് ഇറാന്‍ അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് അതു പ്രയോജനപ്പെടുത്തിയെന്നും സൂദ് പറയുന്നു. ഇറാനിലെ റോ സംവിധാനം തകരാറിലാകാന്‍ ഇത് ഇടയാക്കി.
ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കായി അന്‍സാരി ഒന്നും ചെയ്തില്ലെന്നും പറയുന്നുണ്ട്. അന്‍സാരിയും അന്ന് ഐബി അഡീഷനല്‍ സെക്രട്ടറി ആയിരുന്ന രത്തന്‍ സെയ്ഗളും ചേര്‍ന്ന് റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ത്തെന്നും ആരോപണമുണ്ട്. സെയ്ഗള്‍ പിന്നീട് സിഐഎയ്ക്ക് രേഖ കൈമാറിയ സംഭവമുണ്ടായെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ രാജിവച്ചു പോകാന്‍ അനുവദിച്ചെന്നും ഇപ്പോള്‍ യുഎസില്‍ സ്ഥിരതാമസമാക്കിയെന്നും കത്തില്‍ പറയുന്നുണ്ട്.
പൗരനെന്ന നിലയില്‍ ഇപ്പോള്‍ ഇന്ത്യയില്‍ സുരക്ഷിതനല്ലെന്നും എല്ലാ ജില്ലകളിലും ശരിയത്ത് കോടതികള്‍ സ്ഥാപിക്കണമെന്നും സ്ഥാനമൊഴിഞ്ഞ ശേഷം അന്‍സാരി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. സ്ഥാനമൊഴിഞ്ഞ ശേഷം എസ്ഡിപിഐ നടത്തിയ പല പരിപാടികളിലും ഹാമിദ് അന്‍സാരി സജീവ സാന്നിദ്ധ്യമായിരുന്നു.