നാടിനെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി വീട്ടുജോലിക്കാരി. മാതാപിതാക്കളായ രാജതങ്കം, ഡോ. ജീന്‍ പത്മം സഹോദരി കരോളിന്‍ വല്യമ്മ ലളിത എന്നിവരെ കൊലപ്പെടുത്തി രക്ഷപ്പെട്ട കേഡല്‍ ജിന്‍സണ്‍ രാജയുടെ പെരുമാറ്റത്തെക്കുറിച്ചാണ് വേലക്കാരി മൊഴി നല്കിയിരിക്കുന്നത്. വീട്ടില്‍ ജോലിക്കു നില്ക്കുന്ന സ്ത്രീ നല്കുന്ന വിവരങ്ങള്‍ അന്വേഷണവുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. അതേസമയം, കേഡലിന്റെ അമ്മ ജീനും സഹോദരി കരോളിനും വിദേശത്ത് പോകുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കുന്ന സൂചനകളൊന്നും വീട്ടുജോലിക്കാരിയുടെ മൊഴിയിലില്ല. ബുധനാഴ്ച്ചയാണ് കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ കിട്ടിയിരിക്കുന്ന വിവരം.
ജോലിക്കാരിയായ സ്ത്രീ നല്കുന്ന സുപ്രധാന കാര്യങ്ങള്‍ ഇതൊക്കെയാണ്- ബുധനാഴ്ച ഉച്ചയ്ക്ക് കേഡലുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും പിണക്കങ്ങളോ പ്രശ്‌നങ്ങളോ ഉള്ളതായി തോന്നിയില്ല. ഉച്ചഭക്ഷണത്തിനുശേഷം ബെയിന്‍സ് കോമ്പൗണ്ടിലെ അയല്‍വീട്ടിലേക്ക് പോയിരുന്നു. അവിടെയുള്ള കൂട്ടുകാരിയുമായി വര്‍ത്തമാനം പറയാനാണ് പോയത്. പിന്നെ തിരിച്ചെത്തിയത് വൈകുന്നേരമാണ്. അച്ഛനും അമ്മയും സഹോദരിയും വിദേശത്തുള്ള സുഹൃത്തിന്റെ കുടുംബവുമായി കന്യാകുമാരിയിലേക്ക് പോയെന്നാണ് കേഡല്‍ അപ്പോള്‍ പറഞ്ഞത്. പോകുന്നതിനു മുമ്പ് നാളെ മുതല്‍ (വ്യാഴാഴ്ച്ച) തനിക്കും വല്യമ്മ ലളിതയ്ക്കുമുള്ള ഭക്ഷണം തൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ നല്കിയാല്‍ മതിയെന്നാണ് പറഞ്ഞത്. ഇതനുസരിച്ച് ഭക്ഷണം അവിടെ നല്കുകയും ചെയ്തിരുന്നു.
വേലക്കാരിയുടെ മൊഴിയില്‍ നിന്ന് പോലീസിന്റെ നിഗമനം ഇങ്ങനെ- ബുധനാഴ്ച്ച ഉച്ചയ്ക്കു തന്നെ കേഡല്‍ മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തുകയോ ബോധംകെടുത്തുകയോ ചെയ്തിരിക്കാം. പ്രായത്തിന്റെ അവശതകളുള്ള വല്യമ്മയ്‌ക്കൊപ്പം പിന്നീട് ഭക്ഷണം കഴിച്ചു. ലളിത ചോദിച്ചപ്പോള്‍ വേലക്കാരിയോട് പറഞ്ഞ നുണ കേഡല്‍ ആവര്‍ത്തിക്കുകയും ചെയ്തു. പിന്നീട് ലളിതയ്ക്ക് സംശയം തോന്നിയെന്ന് മനസിലാക്കിയതോടെയാകും അവരെയും കൊലപ്പെടുത്തിയത്. ഇതിനിടെ അയല്‍ക്കാരനും നിര്‍ണായക മൊഴി നല്കിയിട്ടുണ്ട്.
വെള്ളിയാഴ്ച പകല്‍ പട്ടത്തിനും പ്ലാമൂടിനും ഇടയിലുള്ള പെട്രോള്‍ പമ്പിലെത്തിയ കേഡല്‍ പത്ത് ലിറ്റര്‍ പെട്രോള്‍ കന്നാസില്‍ വാങ്ങിയിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മാതാപിതാക്കളെയും സഹോദരിയെയും ചുട്ടുകരിക്കാനായിരുന്നു ഇത്. പെട്രോള്‍ ഒഴിച്ച് ഇവരുടെ മൃതദേഹങ്ങള്‍ കത്തിച്ച് ചാമ്പലാക്കിയശേഷം സമീപത്തെ പറമ്പില്‍ അവശിഷ്ടങ്ങള്‍ കുഴിച്ചിടാനായിരുന്നു പരിപാടിയിട്ടിരുന്നതെന്നാണ് കരുതുന്നത്. ഇതിനായി കുഴിയെടുക്കാന്‍ രാത്രിയില്‍ പറമ്പിലിറങ്ങിയ കേഡലിന്റെ നീക്കം അയല്‍വാസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതെന്നും കരുതുന്നു. അസമയത്ത് പറമ്പിലെ ആളനക്കം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി ലൈറ്റിടുകയും ഒച്ചപ്പാടുണ്ടാക്കുകയും പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ കേഡല്‍ ഇയാള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് താന്‍ പട്ടിയെ ഓടിക്കാനെത്തിയതാണെന്ന് വെളിപ്പെടുത്തി തടിതപ്പുകയായിരുന്നു. അതേസമയം, വെള്ളിയാഴ്ച്ച രാത്രി ഇയാള്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്ന് ബിരിയാണി, ഷവര്‍മ്മ തുടങ്ങിയവയും രണ്ട് ദിവസങ്ങളിലായി പാഴ്‌സലായി വാങ്ങിയിട്ടുണ്ട്.