കോട്ടയം: സര്‍വീസ് ചാര്‍ജ് നല്‍കാത്തതിനെത്തുടർന്ന് പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍ ഓട്ടം നിര്‍ത്തിവയ്ക്കുന്നു.
സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴില്‍ കേരളത്തിലെ 14 ജില്ലകളിലും ആദിവാസികളുടെ ക്ഷേമത്തിനായി ഓരോ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.nos s
ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള ആദിവാസി കോളനികളില്‍ എത്തി ആദിവാസികള്‍ക്ക് പോഷകാഹാരം നല്‍കുക, അവശ്യമരുന്നുകള്‍ എത്തിക്കുക, ആദിവസികളുടെ ലാബ് ടെസ്റ്റുകള്‍ നടത്തുക തുടങ്ങിയവ ഉള്‍പ്പെടുത്തി ഒരു മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനമാണ് ആംബുലന്‍സ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പ്രോജക്ട് സംസ്ഥാന പട്ടിക വര്‍ഗ വകുപ്പ് നടപ്പാക്കുകയാണു ചെയ്യുന്നത്. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്രമോഷന് ട്രസ്റ്റിനെയാണ് ആംബുലന്‍സുകളുടെ സര്‍വീസ് ഉള്‍പ്പെടെയുള്ള കോണ്ട്രാക്റ്റ് ഏല്‍പ്പിച്ചിരിക്കുന്നത്.
കേന്ദ്രത്തിൽനിന്നു കൃത്യമായി പണം പട്ടിക വര്‍ഗ വകുപ്പിലും ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്രമോഷന് ട്രസ്റ്റിലും എത്തും. എന്നാല്‍ അംബുലന്സുകള്ക്കുള്ള തുക ലഭിക്കാറില്ലെന്നാണ് ആക്ഷേപം.
മാസങ്ങളായി പണം മുടങ്ങുമ്പോള്‍ ആംബുലന്‍സുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. ഉടന്‍ ഒരു മാസത്തെ പണം അനുവദിക്കും. ഇതായിരുന്നു പതിവ്.
കഴിഞ്ഞ മൂന്നു മാസമായി പണം ലഭിക്കുന്നില്ല. ആംബുലന്‍സില്‍ ഒരു ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷന്‍, ഡ്രൈവര്‍ എന്നിവരാണുള്ളത്. ഇവര്‍ക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ട്. ആംബുലന്‍സിന്റെ സര്‍വീസ് ചാര്‍ജ് മാത്രമാണ് വകുപ്പ് അധികൃതര്‍ നല്‍കാതിരിക്കുന്നത്.
സര്‍വീസ് ചാര്‍ജ് പണം വകുപ്പ് വക മാറ്റി ചെലവഴിക്കുന്നതായി വ്യാപക ആരോപണമുണ്ട്. ഇതിനെതിരേയാണ് 14 ജില്ലകളിലും കോണ്ട്രാക്റ്റ് എടുത്തിരിക്കുന്ന ആംബുലന്‍സ് ഉടമകള്‍ സര്‍വീസ് നിര്‍ത്തിവച്ച് പണിമുടക്കുന്നത്. സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതോടെ ആദിവാസി കോളനികളിലെ മരുന്നു വിതരണം ഉള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടും.