ഇരിട്ടി: കീഴൂര്‍കുന്ന് ടാറ്റാ മോട്ടേഴ്സ് സര്‍വീസ് സ്റ്റേഷനില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഓഫീസനകത്തു സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും നാല്പതിനായിരത്തോളം രൂപയും ആണ് കവര്‍ന്നത്. സ്ഥാപനത്തിനകത്തെ സിസിടിവിയില്‍ കള്ളന്റെ ദൃശ്യം കുടുങ്ങിയിട്ടുണ്ട്. ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍ എസ്ഐ പി. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇന്നും സ്ഥലത്തെത്തി പരിശോധന നടത്തി.
പായം സ്വദേശി വി.എൻ. ബാബുവിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റാ മോട്ടേഴ്സിന്റെ സ്റ്റാര്‍ പ്ലസ് മോട്ടേഴ്സിലാണ് ശനിയാഴ്ച രാത്രി 11 ഓടെ മോഷണം നടന്നത്. ഇന്നലെ അവധിയായതു കാരണം കഴിഞ്ഞ ദിവസം ഇവിടെ സര്‍വീസിനെത്തിയ ഒരു വാഹനം കൊടുക്കാനായി രാവിലെ 11 ഓടെ ബാബു സ്ഥാപനത്തില്‍ എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്. ഉടനെ ഇരിട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൂട്ട് തകര്‍ത്ത് അകത്തുകടന്ന കള്ളന് ഇതിനകത്ത് പരതുന്നതും മറ്റും സ്ഥാപനത്തിനകത്തെ സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കള്ളന്റെ തോളില്‍ ഒരു ബാഗ് തൂങ്ങിക്കിടക്കുന്നതായി ദൃശ്യങ്ങളില്‍ ഉണ്ടെങ്കിലും മുഖം വ്യക്തമല്ല. അമ്പതു വയസിനു താഴെപ്രായം തോന്നിക്കുന്ന ആള്‍ക്ക് പാന്‍സും ഷര്‍ട്ടുമാണ് വേഷം.
ലാപ്ടോപ്പും നാല്പത്തിനായിരത്തോളം രൂപയും മോഷണം പോയതായി ബാബു പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്ന് ഫോറന്‍സിക് സംഘം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം മാത്രമേ പറയാന്‍ കഴിയൂകയുള്ളു തെളിവ് നശിക്കുന്നതിനാല്‍ അകത്തു കടക്കരുതെന്ന് പോലീസ് വിലക്കിയിരിക്കയാണ്.
ഒരാള്‍ മാത്രമേ സി സി ടി വി ദൃശ്യത്തില്‍ പതിഞ്ഞിട്ടുള്ളൂ.