തിരുവനന്തപുരം: അഞ്ചു ശതമാനം വരെ സേവന നികുതി ഏർപ്പെടുത്തിയിട്ടുള്ള സേവനങ്ങളെ പ്രളയ സെസിൽനിന്ന് ഒഴിവാക്കിയതായി മന്ത്രി തോമസ് ഐസക് നിയമസഭയിൽ അറിയിച്ചു.
നിലവിൽ ഒരു ശതമാനം സെസ് ഉണ്ടായിരുന്ന ഹോട്ടൽ ഭക്ഷണം, ശീതീകരിച്ച ബസ്, ട്രെയിൻ യാത്രക്കൂലി തുടങ്ങിയ സേവനങ്ങളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. പണം കടം കൊടുക്കുന്നതിനു പരമാവധി 18 ശതമാനം പലിശയെ ഈടാക്കാവൂ എന്നും ബില്ലിൽ വ്യവസ്ഥയുണ്ട്. പണം കൊടുക്കൽ നിയമത്തിനു കീഴിൽ കടം കൊടുക്കുന്നവർക്കു വായ്പ അനുവദിക്കൽ നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് (പ്രോസസിംഗ് ഫീ) രണ്ടു ശതമാനം ഫീസ് അനുവദിക്കുന്നു.
ആധാരങ്ങളുടെ രജിസ്ട്രേഷനുകളിൽ മുദ്രപത്ര വില കുറച്ചുകാണിച്ചിട്ടുള്ള കേസുകളിൽ, ക്രമക്കേട് കണ്ടെത്തിയാൽ നടപടിക്കു നോട്ടീസ് നൽകാനുള്ള കാലാവധി 10 വർഷമായി നിജപ്പെടുത്തി. നിലവിൽ കാലാവധി നിജപ്പെടുത്തൽ വ്യവസ്ഥകളുണ്ടായിരുന്നില്ല.
അടയ്ക്കാ വ്യാപാരികളുടെ നികുതി കുടിശികയ്ക്ക് 2018-19ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി സെപ്റ്റംബർ 30 വരെ നീട്ടി. അന്തർസംസ്ഥാന വ്യാപാരം നടത്തുന്ന വ്യാപാരികൾ സമർപ്പിച്ച രേഖകളിലെ അവ്യക്തത മൂലം അധിക നികുതി നിർണയമുണ്ടായി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുന്നത്.
നിലവിലെ നികുതി നിർണയ മാനദണ്ഡങ്ങൾ ആഡംബര നികുതിക്കും ബാധകമാക്കി. രജിസ്റ്റേർഡ് വ്യാപാരികൾ തമ്മിലുള്ള വ്യാപാരത്തിൽ, സ്വകാര്യ ആവശ്യത്തിനുള്ള ചരക്കിനു പ്രളയ സെസ് ബാധകമാക്കും. 10 ശതമാനം ക്ലിപ്ത വിനോദനികുതി എന്ന ബില്ലിലെ വ്യവസ്ഥ 10 ശതമാനം വരെയെന്നു ഭേദഗതി ചെയ്തിട്ടുണ്ട്. 2019 ലെ കേരള ധനകാര്യബിൽ ഭേദഗതികളോടെ ഇന്നലെ നിയമസഭ പാസാക്കി.