കൊച്ചി: എല്‍എല്‍ബി ബിരുദമില്ലാതെ അഭിഭാഷക ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലെ പ്രതി ആലപ്പുഴ രാമങ്കരി സ്വദേശിനി സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാടുതേടി.
അഭിഭാഷകയായി ആലപ്പുഴയിലെ കോടതികളില്‍ ഹാജരായി തട്ടിപ്പു നടത്തിയ സെസിയെ കോടതി പല കേസുകളിലും അഭിഭാഷക കമ്മീഷനായും നിയോഗിച്ചിരുന്നു. മറ്റൊരാളുടെ റോള്‍ നമ്പര്‍ ഉപയോഗിച്ച് എൻറോള്‍ ചെയ്താണു പ്രതി തട്ടിപ്പു നടത്തിയിരുന്നത്.
ആലപ്പുഴ ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ നിര്‍വാഹക സമിതിയംഗമായി ഇവര്‍ മത്സരിച്ചു ജയിച്ചിരുന്നു. നിയമ ബിരുദമില്ലാതെയാണു സെസി പ്രാക്ടീസ് ചെയ്യുന്നതെന്ന വിവരം പുറത്തുവന്നതോടെ ബാര്‍ അസോസിയേഷന് സെക്രട്ടറി പോലീസില്‍ പരാതി നല്കി.
തുടര്‍ന്നു ജൂലൈ 18ന് കേസ് എടുത്തു. ഒളിവില്‍ പോയ പ്രതി ആലപ്പുഴ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നറിഞ്ഞ് ഇവിടെനിന്നു മുങ്ങി.
തുടര്‍ന്നാണു മുന്‍കൂര്‍ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചത്. നിര്‍ധന കുടുംബത്തില്‍പ്പെട്ടയാളാണെന്നും സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണു നിയമപഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതെന്നും പ്രതി ഹര്‍ജിയില്‍ പറയുന്നു.
ജസ്റ്റീസ് കെ. ഹരിപാലിന്റെ ബെഞ്ചിലാണ് ഇന്നലെ ഹര്‍ജി പരിഗണനയ്ക്കു വന്നത്. ഹര്‍ജി 12ന് വീണ്ടും പരിഗണിക്കും.