ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ആലപ്പുഴ നോർത്ത് പോലീസ് ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ നിർദേശിച്ചിരുന്നു.
അഭിഭാഷകബിരുദം വ്യാജമാണെന്ന് വ്യക്തമായതോടെ പോലീസ് സെസിക്കെതിരെ കേസെടുത്തിരുന്നു.
പോലീസിന്റെ കണ്ണുവെട്ടിച്ച് കീഴടങ്ങാനായി എത്തിയ സെസി സേവ്യർ മുൻകൂർ ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ കോടതിയിൽനിന്നും മുങ്ങിയിരുന്നു.
ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് നോർത്ത് പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
നിയമപഠനം പൂർത്തിയാക്കാതെ അഭിഭാഷകയായി പ്രവർത്തിച്ചിരുന്ന സെസി ആലപ്പുഴ ബാർ അസോസിയേഷൻ ഭാരവാഹിയും ആയിരുന്നു.
വ്യാജരേഖകൾ കാണിച്ചാണ് അംഗത്വമെടുത്തതെന്നും അഭിഭാഷകയായി പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാട്ടി ബാർ അസോസിയേഷനാണ് പോലീസിൽ പരാതി നൽകിയത്.