ആലപ്പുഴ : മതിയായ യോഗ്യത ഇല്ലാതെ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വിജയിക്കുകയും ചെയ്ത വ്യാജ അഭിഭാഷക ഒളിവിൽ. രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് പരാതി ഉയർന്നത്.
ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാവശ്യപ്പെട്ടു ബാർ അസോസിയേഷൻ സെക്രട്ടറിയാണ് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
നോർത്ത് പോലീസ് കേസും എടുത്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചായിരുന്നു ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുന്നെന്ന സംശയത്തെത്തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ നേരത്തെ ഇവർക്കു നോട്ടീസ് നൽകിയിരുന്നു.
ഇവർ നൽകിയ നമ്പറിൽ ഇങ്ങനെ ഒരു പേരുകാരി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസ് നൽകിയിരുന്നത്.
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ജയിക്കുകയും ലൈബ്രറിയുടെ ചുമതല വഹിക്കുകയും ചെയ്തിരുന്നു. പരീക്ഷ പാസാകാത്ത വക്കീലിനെ ബാർ അസോസിയേഷൻ പുറത്താക്കിയിട്ടുണ്ട്.
തിരുവനന്തപുരം ലോ കോളജിൽ ആയിരുന്നു ആദ്യം പഠിച്ചതെന്നാണ് അറിയുന്നത് പരീക്ഷ പാസായില്ല. അറിയാവുന്നവർ തിരക്കിയപ്പോൾ ബംഗളൂരുവിൽനിന്നു പാസായി എന്നാണ് ധരിപ്പിച്ചിരുന്നതെന്നും പറയുന്നു.
കൂടെ പഠിച്ചവർ വിവരം അറിയിച്ചതിനെത്തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം.ആലപ്പുഴയിലെ മിക്ക കോടതികളിലും ഇവർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കോടതി നിർദേശ പ്രകാരം നിരവധി കമ്മീഷനുകളായും ഇവർ പ്രവർത്തിച്ചിട്ടുണ്ടെന്നും പറയുന്നു.
ചില കേസുകളിൽ ജാമ്യവും എടുത്തു നൽകിയിട്ടുണ്ടത്രേ. നിലവിലെ സാഹചര്യത്തിൽ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടേക്കാം. കോടതിയെ അടക്കം കബളിപ്പിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം വിവാദായതോടെ വ്യാജ വക്കീൽ ഒളിവിലാണ്. ഇ
വർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇന്നലെവരെ സഹപ്രവർത്തകയായി കോടതിയിലുണ്ടായിരുന്ന അഭിഭാഷക വ്യാജ അഭിഭാഷകയാണെന്ന വാർത്ത കേട്ടു ഞെട്ടിയിരിക്കുകയാണ് ആലപ്പുഴയിലെ അഭിഭാഷകരും കോടതി ജീവനക്കാരും അടക്കമുള്ളവർ.