ഫ്രാങ്കോ ലൂയിസ്
തൃശൂർ: പ്രളയസെസ് വ്യാപാരികൾക്ക് ഇരുട്ടടിയായി. എംആർപി രേഖപ്പെടുത്താത്ത സേവനങ്ങൾക്കും സാധനങ്ങൾക്കും ഒരു ശതമാനം വില വർധിച്ചപ്പോൾ എംആർപി ഉൽപന്നങ്ങൾക്കു വിലവർധനയില്ല. വിലവർധിക്കാത്തത് ഉപഭോക്താക്കൾക്ക് അനുഗ്രഹമായെങ്കിലും സെസ് വ്യാപാരികൾക്ക് ഭീമമായ ബാധ്യതയാകും.
ഒരു ശതമാനം സെസ് ഏർപ്പെടുത്തിയതനുസരിച്ച് പല ഉൽപന്നങ്ങൾക്കും വില വർധിപ്പിക്കാനാവില്ല. എംആർപി രേഖപ്പെടുത്തിയ ഉൽപന്നങ്ങൾ വില കൂട്ടി വിൽക്കാനാവില്ല. ഡിമാൻഡുള്ള, നല്ല ബ്രാൻഡിംഗുള്ള ഉൽപന്നങ്ങൾക്ക് അഞ്ചു മുതൽ എട്ടുവരെ ശതമാനം ആദായമാണ് വ്യാപാരികൾക്കു നൽകുന്നത്.
വ്യാപാരികളുടെ ആദായത്തിൽനിന്ന് സെസ് തുക അടയ്ക്കേണ്ടിവരും. എന്നാൽ എംആർപി രേഖപ്പെടുത്താത്ത ഉൽപന്നങ്ങൾക്ക് ഒരു ശതമാനം സെസ് ചുമത്തിക്കൊണ്ടുതന്നെയാകും വിൽപന നടത്തുക. പ്രളയംമൂലം മാന്ദ്യത്തിലായ കേരളത്തിലെ വാണിജ്യ മേഖലയെ കൂടുതൽ തളർത്താനേ ഇത് ഉപകരിക്കൂ.
സ്വർണാഭരണങ്ങൾക്ക് കാൽ ശതമാനമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ വിലയനുസരിച്ച് പവന് 70 രൂപ സെസായി നൽകേണ്ടിവരും. കൂടുതൽ സ്വർണാഭരണങ്ങൾ വാങ്ങാൻ വിവാഹ പാർട്ടികൾ അയൽ സംസ്ഥാനങ്ങളിലേക്കു പോകുമോയെന്ന ആശങ്കയിലാണ് കേരളത്തിലെ ജ്വല്ലറി ഉടമകൾ. കേരളത്തിൽ ഉണ്ടാകേണ്ട ബിസിനസ് ഇങ്ങനെ അയൽ സംസ്ഥാനങ്ങളിലേക്കു മാറിയാൽ സംസ്ഥാന സർക്കാരിനു നികുതി വരുമാനം കുറയും.
സെസ് ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇ ഫയലിംഗ് നടത്തുന്ന കംപ്യൂട്ടറുകൾ അപ്ഗ്രേഡ് ചെയ്യുന്ന ഇനത്തിൽതന്നെ വ്യാപാരികൾക്ക് 150 കോടി രൂപയുടെ ബാധ്യതയുണ്ടാകും. വ്യാപാരികളും ടാക്സ് കണ്‍സൾട്ടന്റുമാരും അടക്കം മൂന്നു ലക്ഷത്തോടെ കംപ്യൂട്ടറുകളിലായാണ് കേരളത്തിൽ ഇ ഫയലിംഗ് നടത്തുന്നത്. സെസ് നികുതിയെക്കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ ഒരു കംപ്യൂട്ടർ സജ്ജമാക്കാൻ അയ്യായിരം രൂപവരെയാണ് ഫീസ് ഈടാക്കുന്നത്.
മാസം തോറും പ്രളയ സെസ് പ്രത്യേകമായി ഇ ഫയലിംഗ് നടത്താൻ ഓരോ വ്യാപാരിയും അഞ്ഞൂറു രൂപ മുതൽ ആയിരം വരെ രൂപ ടാക്സ് കണ്‍സൾട്ടന്റിനു ഫീസ് നൽകേണ്ടിവരും. നിലവിലുള്ള ജിഎസ്ടി ഫയലിംഗിനു മാസംതോറും ടാക്സ് കണ്‍സൾട്ടന്റുമാർ ആയിരം രൂപ മുതൽ മൂവായിരം രൂപവരെയാണ് വാങ്ങുന്നത്. വാർഷിക റിട്ടേണ്‍ സമർപ്പിക്കാൻ നാലായിരം രൂപ വേറേയും മുടക്കണം. ഇതിനു പുറമേയാണ് സെസ് ഇ ഫയലിംഗ് എന്ന പേരിൽ പുതിയ ബാധ്യതകൂടി വരുന്നത്.
സെസ് ഏർപ്പെടുത്തിയതിനെതിരേ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. “ഒരു രാജ്യം, ഒരൊറ്റ നികുതി’ എന്ന മുദ്രാവാക്യവുമായി രാജ്യവ്യാപകമായി നടപ്പാക്കിയ ജിഎസ്ടിയുടെ അന്തസത്തയ്ക്കു വിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. എംആർപി നിയമം നിലവിലുള്ളതിനാൽ ഉപഭോക്താക്കളിൽനിന്ന് സെസ് പിരിക്കാനാവാത്ത അവസ്ഥയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അടുത്തയാഴ്ച ഡിവിഷൻ ബഞ്ച് കേസ് പരിഗണിക്കും.
പ്രളയംമൂലം ചാലക്കുടി പോലുള്ള പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം തകർന്നുപോയി. വ്യാപാരികളുടെ നഷ്ടം കണക്കാക്കാനുള്ള സംവിധാനംപോലും സർക്കാരിനില്ല. വീടു നഷ്ടപ്പെട്ടവരുടേയും കൃഷി നശിച്ചവരുടേയും നാശനഷ്ടം കണക്കാക്കാൻ വില്ലേജ് റവന്യൂ അധികാരികൾക്കു മാനദണ്ഡങ്ങളുണ്ട്.
അതനുസരിച്ച് അവർ നഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകുന്നുണ്ട്. എന്നാൽ വ്യാപാരികൾക്കുണ്ടായ ഭീമമായ നഷ്ടം കണക്കാക്കാൻപോലും സർക്കാർ തയാറാകുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയും തൃശൂർ ജില്ലാ പ്രസിഡന്റുമായ ടി.വി. അബ്ദുൾ ഹമീദ് ചൂണ്ടിക്കാട്ടി.