റഫേല്‍ ഇടപാടു സംബന്ധിച്ച കേസില്‍ സുപ്രീംകോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ചെന്ന ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ബിജെപി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. കാവല്‍ക്കാരന്‍ കള്ളനാണെന്നാണ് രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു നിഗമനവും തങ്ങള്‍ നടത്തിയില്ലെന്നാണ് കോടതി പറഞ്ഞത്.
തിങ്കളാഴ്ചയ്ക്കു മുന്‍പ് രാഹുല്‍ മറുപടി നല്‍കണം. ഹര്‍ജി ഇനി 22ന് പരിഗണിക്കും. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെയാണ് ഹര്‍ജി. ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്.
റഫാലില്‍ ഹര്‍ജിക്കാര്‍ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി വിധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതി നടത്തിയെന്ന കാര്യം സുപ്രീം കോടതി ശരിവച്ചതായി രാഹുല്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ രാഹുലിന് വിനയായത്.