സ്വന്തം ലേഖകൻ
തൃശൂർ: അക്രമരാഷ്ട്രീയം പാർട്ടി നയമല്ലെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്പോഴാണ് അക്രമരാഷ്ട്രീയത്തെക്കുറിച്ച് പാർട്ടി ജനറൽ സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
എന്നാൽ സിപിഎം പ്രവർത്തകരെ ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും യെച്ചൂരി ഓർമിപ്പിച്ചു. അക്രമരാഷ്ട്രീയത്തിലൂടെ നഷ്ടം പറ്റിയിട്ടുള്ളത് സിപിഎമ്മിനാണ്. എതിരാളികളെ ജനാധിപത്യപരമായ രീതിയിൽ നേരിടും. ചില പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അത് തിരുത്തിയിട്ടുമുണ്ട്.
ശത്രുക്കളെ ആക്രമണത്തിലൂടെ കീഴ്പ്പെടുത്തുന്നതു സിപിഎമ്മിന്റെ രീതിയല്ല. അത് ആർഎസ്എസിന്റെ സംസ്കാരമാണ്.രാഷ്ട്രീയ അക്രമങ്ങളിൽ സിപിഎം വിശ്വസിക്കുന്നില്ല. ഇതിൽ എന്തെങ്കിലും വ്യതിചലനമുണ്ടായാൽ അതു തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ കക്ഷികളുടേയും വോട്ടുകൾ ഒന്നിപ്പിച്ചു കൊണ്ടുവരണമെന്നും ആഹ്വാനം ചെയ്തു.