ചാലക്കുടി: ചാലക്കുടിയിൽ മദ്യലഹരിയിൽ നഗരമധ്യത്തിലൂടെ ഓടിച്ച ഇന്നോവ കാർ നിയന്ത്രണംവിട്ട് രണ്ട് ഓട്ടോറിക്ഷകളും ആറ് ബൈക്കുകളും തകർത്തു. വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. സ്ത്രീയുടെ നില അതീവഗുരുതരമാണ്.
ബൈക്കിൽ സഞ്ചരിച്ചിരുന്ന ചാലക്കുടി പെല്ലിശേരി ലോനയുടെ മകൻ ലിജോ, ഭാര്യ അനു, മകൻ രണ്ടരവയസുള്ള അലൻ എന്നിവർക്ക് പരിക്കേറ്റു. ഇതിൽ അനുവിന്റെ നിലയാണ് അതീവഗുരുതരം. തലയ്ക്കു പരിക്കേറ്റ അനു അബോധാവസ്ഥയിലാണ്. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന കലിക്കൽ ഗംഗാധരൻറെ മകൻ ചുണ്ടങ്ങപറന്പിൽ സതീശനു ഗുരുതര പരിക്കുണ്ട്. ബൈക്കിൽ സഞ്ചരിച്ചിരുന്ന അപ്പോളോ ടയേഴ്സ് ജീവനക്കാരൻ മുളന്തുരുത്തി സ്വദേശി സേതു, കാൽനട യാത്രക്കാരൻ ചാലക്കുടി സ്വദേശി മുരുകേശൻ എന്നിവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 6.45-നാണ് സംഭവമുണ്ടായത്. കാർ ഓടിച്ചിരുന്ന ചാലക്കുടി കല്ലേലി ജോസി (55) നെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മെഡിക്കൽ പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കല്ലേലി ജോസിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആനമല ജംഗ്ഷനിൽനിന്ന് അതിവേഗത്തിൽ പാഞ്ഞുവന്ന കാർ പെട്രോൾ പന്പിനു സമീപംവച്ച് ദന്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനെയാണ് ആദ്യം ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് നിർത്താതെ പോയ കാർ അതുവഴി പോയിരുന്ന ബൈക്കുകളേയും ഓട്ടോറിക്ഷകളെയും ഇടിച്ചുതെറിപ്പിച്ചു. നോർത്ത് ജംഗ്ഷനിൽ എത്തിയപ്പോഴേക്കും കാർ ഓഫായി.
ടൗണിൽ സംഹാരതാണ്ഡവം നടത്തുന്ന കാറിനെ പിന്തുടർന്ന് വന്ന നാട്ടുകാർ കാർ വളഞ്ഞ് കാർ ഓടിച്ചിരുന്ന ജോസ് കല്ലേലിയെ പിടികൂടി നന്നായി പെരുമാറി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. താലൂക്ക് ആശുപത്രിയിൽ പരിശോധന നടത്തിയശേഷം അറസ്റ്റു ചെയ്തു. ആനമല ജംഗ്ഷൻ മുതൽ നോർത്ത് ജംഗ്ഷൻ വരെ റോഡ് കുരുതിക്കളമായി മാറി. റോഡിൽ തകർന്ന വാഹനങ്ങളുടെ ചില്ലുകളും രക്തവും തളം കെട്ടിക്കിടക്കുന്ന കാഴ്ചയാണ്.