ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ അപ്രതീക്ഷിതമായി കടന്നുകൂടിയ വ്യക്തിയാണ് സേതുലക്ഷ്മി അമ്മ. കണ്ണീരിന്റെ വേദനയിലും ചിരിച്ചുകൊണ്ട് ജീവിതത്തെ നേരിടുന്ന കഥാപാത്രങ്ങളെയാണ് അവര്‍ കൂടുതലും അവതരിപ്പിച്ചിട്ടുള്ളതും. സ്വന്തം ജീവിതം അതുപോലൈാന്നായതിനാലാവാം അത്. കാരണം, രോഗിയായ മകന്റെ ചികിത്സകളും, വാടക വീടിന്റെ ബുദ്ധിമുട്ടുകളും പേറിയാണ് ഈ പ്രായത്തിലും ആ അമ്മ ചിരിച്ചു കൊണ്ട് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒരുപിടി നല്ല വേഷങ്ങളിലൂടെ മലയാളികള്‍ക്കിടയിലേക്ക് ഇറങ്ങി വന്ന സേതുലക്ഷ്മി അമ്മയ്ക്ക് താരസംഘടന ആയ അമ്മയില്‍ അംഗത്വവും പെന്‍ഷനും കിട്ടിയെന്ന സന്തോഷപ്രദമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സംഘടനയില്‍ അംഗത്വത്തിനു വേണ്ടി വരുന്ന തുക തനിക്ക് വലിയ പ്രാരാബ്ധമാകുമെന്നോര്ത്താണ് അംഗത്വമെടുക്കാത്തത് എന്ന് സേതുലക്ഷ്മി അമ്മ മുമ്പ് പറഞ്ഞിരുന്നു. പിന്നീട് പുലിമുരുകനില്‍ അഭിനയിച്ചപ്പോള്‍ മോഹന്‍ലാല്‍ സേതുലക്ഷ്മി അമ്മയോടു അമ്മയില്‍ അംഗത്വമെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ചപ്പോള്‍ ഇടവേള ബാബുവിനോടും ഇന്നസെന്റിനോടും നേരിട്ട് കാര്യങ്ങള്‍ സൂചിപ്പിക്കാം എന്ന് അന്ന് മോഹന്‍ലാല്‍ വാക്കുനല്കുകയും ചെയ്തു.
ഇപ്പോള്‍ അമ്മയുടെ ഭാരവാഹികള്‍ സേതുലക്ഷ്മി അമ്മക്ക് അംഗത്വത്തിന്റെ പേപ്പറുകള്‍ വീട്ടില്‍ കൊണ്ട് നല്‍കിയിരിക്കുകയാണ്. പ്രായമായ കലാകാരന്മാര്ക്ക് സംഘടന നല്കുന്ന വാര്‍ധക്യ പെന്ഷന് 5000 രൂപ സഹായവും ലഭിക്കുന്നുണ്ട് എന്ന് സേതുലക്ഷ്മി അമ്മ പറയുന്നു. ലാല്‍ ആയിരിക്കാം ഇതു ശരിയാക്കിയതെന്നും സേതുക്ഷ്മി അമ്മ പറയുന്നു.