എസ്. മഞ്ജുളാദേവി
മനുഷ്യ മനസിന്റെ ചാഞ്ചല്യങ്ങൾ, സ്ത്രീ മനസിന്റെ ചാഞ്ചാട്ടങ്ങൾ, വൈകാരിക കയറ്റിറക്കങ്ങൾ, അങ്ങനെ പലതും കാമറ കണ്ണുകൾ ഒപ്പിയെടുക്കാതിരുന്ന കാലം….
നായികമാരെ ഒന്നുകിൽ ദേവതമാരായി ചിത്രീകരിക്കും അല്ലെങ്കിൽ സർവം സഹയായ ത്യാഗസ്വരൂപിണികളായും അവതരിപ്പിക്കും.
എന്നാൽ ഇത്തരം പരിവേഷങ്ങളെ മുഴുവൻ തകർത്തുകൊണ്ട് മലയാള സിനിമയിൽ വന്ന കൗമാരക്കാരിയായ ഒരു നായികയുണ്ട്.
കരകാണാകടൽ എന്ന കെ.എസ്. സേതുമാധവൻ ചിത്രത്തിലെ മേരിയാണത്. ജയഭാരതി ജീവൻ നല്കിയ മേരി കൗമാരക്കാരികളുടെ എല്ലാവിധ ദൗർബല്യങ്ങളും ചേർന്നതാണ്.
അൽപക്കത്തെ ചെറുപ്പക്കാരെ കാണുന്പോൾ പ്രായത്തിന്റെ എല്ലാ ചാപല്യങ്ങളും പ്രകടിപ്പിക്കുന്ന പ്രകൃതം.
ഇക്കാലഘട്ടത്തിൽ പോലും നായികമാരെ ഇങ്ങനെ അവതരിപ്പിക്കുവാൻ സംവിധായകൻമാർക്കു ധൈര്യം കാണുമോ എന്നറിയില്ല.
ജീവിതത്തിൽനിന്നും അതുപോലെ പറിച്ചെടുത്തുവച്ച മേരി മലയാള സിനിമയിലെ നായികാ സങ്കല്പത്തിനെ തന്നെ തകർത്തുകൊണ്ട് ഇന്നും നിലനിൽക്കുന്നു.
കരകാണാകടലിലെ സത്യൻ അവതരിപ്പിച്ച തോമയും കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രവും മധുവിന്റെ കറിയയുമെല്ലാം ഇങ്ങനെ നാട്ടിൻപുറത്തിന്റെ പച്ചയായ കഥാപാത്രങ്ങളാണ്.
കെ.എസ്. സേതുമാധവന്റെ ഓടയിൽ നിന്ന്, പണി തീരാത്ത വീട്, അരനാഴിക നേരം, അടിമകൾ, ചട്ടക്കാരി ഇങ്ങനെ എല്ലാ സിനിമകളും ജീവിതത്തെ തൊട്ടുനിന്ന സിനിമകളാണ്.
മലയാളത്തിന്റെ മികച്ച സാഹിത്യകൃതികളെ സിനിമയാക്കി എന്നത് കെ.എസിന്റെ മറ്റൊരു സവിശേഷത.
ഒരു സിനിമാ സംവിധായകൻ എന്ന നിലയിൽ അക്കാലഘട്ടത്തിലെ താര രാജാക്കന്മാരെപോലും നിയന്ത്രിക്കുവാനുള്ള ഒരു കരുത്തും അദ്ദേഹം കാണിച്ചിരുന്നു.
എന്തിനു ഷൂട്ടിംഗ് സമയത്ത് എത്താതെ രണ്ടു മണിക്കൂറോളം വൈകി എത്തിയിരുന്ന എംജിആറിനോട് പോലും ഒരു സംവിധായകന്റെ അധികാരം പ്രകടിപ്പിക്കുവാനും സേതുമാധവന് ധൈര്യം ഉണ്ടായിരുന്നു.
നാളൈ നമതെയുടെ ചിത്രീകരണത്തിനു തുടർച്ചയായി താമസിച്ചു വന്നിരുന്ന എംജി ആറിനോട് “നാളെയും താങ്കൾ രാവിലെ 10.45നു മാത്രമേ എത്തുകയുള്ളോ അങ്ങനെയെങ്കിൽ ഷൂട്ടിംഗ് ക്രൂവിനോടും ഈ സമയം പറയാം’ എന്ന സേതുമാധവന്റെ ചോദ്യം കേട്ട് സിനിമാ പ്രവർത്തകർ ഞെട്ടിയെങ്കിലും എംജിആർ അതൊരു നല്ല താക്കീതായി എടുത്തു. അടുത്ത ദിവസം രാവിലെ കൃത്യം ഒന്പതിനു എത്തുകയും ചെയ്തു.
മലയാളത്തിന്റെ പ്രേം നസീർ, സത്യൻ, തിക്കുറിശി തുടങ്ങിയ താരങ്ങളോടും ഇതേ സ്നേഹാധികാരം കെ.എസ്. കാണിച്ചിരുന്നു. സത്യൻ എന്ന നടനെ നായകനാക്കി അനവധി അനശ്വര ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകനും സേതുമാധവൻ ആണ്.
1961-ൽ വെറും ഇരുപത്തെട്ട് വയസുള്ളപ്പോഴാണ് സത്യനെ നായകനാക്കി കണ്ണും കരളും എന്ന സിനിമ ചിത്രീകരിച്ചത്.
സിനിമയെക്കുറിച്ചുള്ള ഒരുൾക്കാഴ്ച സേതുമാധവന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. കെഎസ്. തന്നെ പറഞ്ഞിരുന്ന ബാല്യകാലാനുഭവം അതിനു സാക്ഷി.
“”ചെന്നൈയിലെ വീട്ടിൽ അച്ഛന്റെ മൃതശരീരം കണ്ടുനിന്നപ്പോൾ എട്ടു വയസുകാരനായ എന്റെ കണ്ണുകളിൽ കണ്ണീർ വന്നില്ല.
അകാലത്തിൽ വീടിന്റെ നെടുംതൂണായ ഭർത്താവിനെ നഷ്ടമായതിന്റെ വേദനയിൽ സ്വന്തം അമ്മയും സഹോദരങ്ങളും പൊട്ടിക്കരഞ്ഞപ്പോഴും ഞാൻ കരഞ്ഞില്ല.
പകരം ആ രംഗങ്ങൾ ഒരു സിനിമാ ചിത്രീകരണം പോലെ മനസിൽ തെളിഞ്ഞു തെളിഞ്ഞു വരികയായിരുന്നു.”
മലയാള സിനിമയുടെ ഒരു കാലഘട്ടത്തെ തന്റെ സിനിമകളിലൂടെ നിർണയിച്ച കെ.എസ്. സേതുമാധവന്റെ ആദ്യ സിനിമാ ചിത്രീകരണം ഇതു തന്നെയായിരുന്നു.
ഒരു സന്യാസിയായി തീരുവാൻ അഭിലഷിച്ചിരുന്ന വ്യക്തിയാണ് താൻ, എങ്ങനെയോ സിനിമയിൽ എത്തിച്ചേർന്നതാണ് എന്നും കെ.എസ് പറഞ്ഞിരുന്നു.
സിനിമയിലേക്കുള്ള പ്രവേശം തികച്ചും അപ്രതീക്ഷിതമായിരുന്നു. കോയന്പത്തൂരിലെ സെൻട്രൽ സ്റ്റുഡിയോയിൽ ശന്പളമില്ലാത്ത അപ്രന്റീസായിട്ടാണ് സിനിമാ രംഗത്തെ തുടക്കം.
അന്ന് അവിടെ നടന്നുകൊണ്ടിരുന്നത് മുടിചൂടാ മന്നനായ എം.ജി.ആറിന്റെ സിനിമാ ചിത്രീകരണമാണ്. കെ.എസ് ജീവിതത്തിൽ കണ്ട ആദ്യ ചിത്രീകരണം ഇതു തന്നെ.
അന്നത്തെ വേതനമില്ലാത്ത അപ്രന്റീസായ സേതുമാധവൻ പിൽക്കാലത്ത് നാളൈ നമതെയിൽ എംജിആറിനെ തന്നെ നായകനാക്കി സിനിമ എടുത്തു എന്നത് മറ്റൊരു ചരിത്രം.
അനുഗ്രഹം പോലെ ലഭിച്ച ഈ സിനിമാജ്ഞാനം അഥവാ സിദ്ധി ഒരു കാലഘട്ടത്തിന്റെ അടയാളമാക്കി കെ.എസ് മാറ്റി. മാത്രമല്ല പിന്നാലെ വന്ന സിനിമ സംവിധായകർക്കു ഒരുപാഠപുസ്തകമായും തന്റെ സിനിമാ ജീവിതം തുറന്നുവച്ചു.
പുകവലിക്കാത്ത, മദ്യപിക്കാത്ത, സിനിമാക്കാരിൽ പലരും പ്രകടിപ്പിക്കുന്ന യാതൊരു ദൗർബല്യങ്ങളുമില്ലാതെ സംശുദ്ധമായി ജീവിച്ച ഇതിഹാസം. അതായിരുന്നു കെ.എസ്. സേതുമാധവൻ.