പാറശാല: സഹോദരങ്ങളായ കൗമാരക്കാർ എഴുപത്തിരണ്ട് കാരിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി നാട്ടുകാരുടെ അഭിമാനമായി. കാരോട് കാന്തള്ളൂര്‍ പുന്നറത്തലവീട്ടില് സേതുലക്ഷ്മി (72) യെയാണ് സഹോദരങ്ങൾ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയത്.
കഴിഞ്ഞ ശനിയാഴ്ച കുളത്തിന്റെ കരയിലൂടെ സൈക്കിൾ ചവിട്ടുമ്പോഴാണ് സേതുലക്ഷ്മി കുളത്തിൽ മുങ്ങിത്താഴുന്നത് കാന്തള്ളൂ ര്‍ ദാനത്തുവിള സേതുവില്‍ കാന്തള്ളൂര്‍ സജിയുടെയും സുധകുമാരിയുടെയും മക്കളായ സേതുരാമന് (14)നും സൂര്യനാരായണന് (13) നും കാണുന്നത്.
പിന്നെ ഒന്നും ആലോചിച്ചില്ല മൂത്തവനായ സേതുരാമൻ കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. ശനിയാഴ്ച രാവിലെ പതിനൊന്നോടുകൂടിയാണ് സഹോദരങ്ങളായ ഇവര്‍ കാന്തള്ളൂരിലെ ഉടതലകുളത്തിന്റെ കരയില്‍ സൈക്കിള്‍ ചവിട്ടിക്കൊണ്ടിരുന്നത്. ഈ സമയം കുളത്തിലെ കടവില്‍ ഇറങ്ങുവാന്‍ സാധിക്കാത്തതിനാല്‍ സേതുലക്ഷ്മി കുളക്കടവിലിരുന്നു പാത്രത്തില്‍ വെള്ളം കോരി കുളിക്കുകയായിരുന്നു.
കുളിക്കിടെ അബദ്ധത്തില്‍ സേതുലക്ഷ്മി കുളത്തിലേക്ക് വീണു. സേതുലക്ഷ്മി വെളളത്തില്‍ താഴുന്നത് മറുകരയില്‍ കുളിക്കുകയായിരുന്ന യുവാവിന്റെ ശ്രദ്ധയില്‍പ്പെടുകയും കുളക്കടവില്‍ സൈക്കിള്‍ ചവിട്ടുകയായിരുന്ന സേതുരാമനോട് ഇയാള്‍ വയോ ധിക കുളത്തില്‍ മുങ്ങിത്താഴുന്ന വിവരം വിളിച്ച് പറയുകയും ചെയ്തു. കുളത്തിലേക്ക് നോക്കിയ സേതുരാമന് കണ്ടത് മുങ്ങിത്താഴുന്ന വയോധികയുടെ കൈകള്‍ മാത്രമായിരുന്നു.
തുടര്‍ന്ന് സഹോദരനായ സൂര്യനാരായണനോട് സമീപത്തെ വീടുകളിലെ ആള്‍ക്കാരെ വിവരം അറിയിക്കുവാൻ പറഞ്ഞു വിട്ടിട്ടു സേതുരാമന് കുളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു.
കുളത്തില്‍ മുങ്ങിത്താഴുകയായിരുന്ന വയോധികയുടെ തലമുടിയില്‍ പിടിച്ച് സേതുരാമന് കുളക്കടവിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. സ്കൂളില്‍ പാഠ്യവിഷയമായ നീന്തലില്‍ ലഭിച്ച ബാലപാഠങ്ങളാണ് കുളത്തിലേക്ക് എടുത്ത് ചാടുന്നതിന് തനിക്ക് ധൈര്യം നല്‍കിയതെന്ന് സേതുരാമന് പറയുന്നു .