മലയാള സിനിമയിൽ ഏറ്റവും അധികം തുടർച്ചകൾ ഇറങ്ങിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ സിബിഐ ചിത്രങ്ങൾ. ചിത്രത്തിന്റെ നാലു പതിപ്പുകളാണ് ഇതുവരെ പുറത്തിറങ്ങിയത്. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധുവായിരുന്നു ഈ നാല് ചിത്രങ്ങളും സംവിധാനം ചെയ്തത്.
അഞ്ചാം ഭാഗത്തിന് പിന്നിലും ഈ ടീം തന്നെയാണ്. 1988ലാണ് സിബിഐ പരന്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുന്നത്. ചിത്രം വൻ വിജയമായി മാറി. തൊട്ടടുത്ത വർഷം ഈ പരന്പരിയിലെ രണ്ടാമത്തെ ചിത്രമായ ജാഗ്രത പുറത്തിറങ്ങി. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ജാഗ്രത കഴിഞ്ഞ് 15 പതിനഞ്ച് വർഷത്തിന് ശേഷം 2004ലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗമായ സേതുരാമയ്യർ സിബിഐ പുറത്തിറങ്ങുന്നത്.
ചിത്രം വൻ ഹിറ്റായി മാറി. അതിന് പിന്നാലെ തൊട്ടടുത്ത വർഷം നാലാം ചിത്രമായ നേരറിയാൻ സിബിഐ പുറത്തിറങ്ങി.ഈ ചിത്രത്തിനും ബോക്സ് ഓഫീസിൽ ശക്തമായ സാന്നിദ്ധ്യമാകാൻ സാധിച്ചിരുന്നില്ല. പിന്നീട് മൂന്നു വർഷം മുന്പാണ് സിബിഐ പരന്പരയിൽ അഞ്ചാമത് ഒരു ചിത്രം കൂടെ ഇറങ്ങുന്നതായി പ്രഖ്യാപിക്കുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ചിത്രത്തേക്കുറിച്ച് കാര്യമായ വിവരങ്ങളില്ലാതിരുന്നപ്പോൾ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലും വാർത്തകൾ പ്രചരിച്ചു.
ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് കെ മധു തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. 20ൽ അധികം തവണ തിരുത്തലുകൾ വരുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയതെന്നും കെ മധു വ്യക്തമാക്കി.അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന് മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളായിരിക്കും ലൊക്കേഷൻ.
സിബിഐ സംഘം സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണത്തിനായി പോകുന്നത് ഇതാദ്യമാണ്. മുൻ ചിത്രങ്ങളിലേപ്പോലെ തന്നെ അഞ്ചാം ഭാഗത്തിലും മമ്മൂട്ടിക്ക് നായിക ഉണ്ടാകില്ല. ചിത്രത്തിൽ പ്രണയത്തിനുള്ള സാധ്യതയില്ലെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പാട്ടുകളും സമാന്തരമായ ഹാസ്യ സീക്വൻസുകളും ചിത്രത്തിൽ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ നാല് ഭാഗങ്ങളിലും ഒപ്പമുണ്ടായിരുന്ന ജഗതിയും മുകേഷും അഞ്ചാം ഭാഗത്തിൽ ഉണ്ടാകില്ല. അതേസമയം അഭിനേതാവായി തിളങ്ങുന്ന തിക്കഥാകൃത്ത് രണ്ജി പണിക്കർ ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.