മലയാളി പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച കഥാപാത്രമാണ് മമ്മൂട്ടിയുടെ സേതുരാമയ്യർ എസ്.എൻ സ്വാമി- കെ.മധു- മമ്മൂട്ടി കൂട്ടുകെട്ടിൽ വീണ്ടുമൊരു സിബിഐ കഥ എത്തുകയാണ്.
അഞ്ചാം ഭാഗത്തിന്റെ പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സിബിഐ ചിത്രവുമായി ബന്ധപ്പെട്ട ചെറിയ വിശേഷങ്ങൾ പോലും മലയാളി പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാകാറുണ്ട്.
സിബിഐ എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് സേതുരാമയ്യരെയാണ്. സിനിമയ്ക്കൊപ്പം ആ പേരും ജനങ്ങളുടെ മനസിൽ പതിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ആ പേര് വന്ന വഴിയെക്കുറിച്ച് തിരക്കഥകൃത്ത് എസ്എൻ സ്വാമി. ഒരഭിമുഖത്തിലാണ് സേതുരാമയ്യർ എന്ന പേര് വന്ന വഴിയെ കുറിച്ച് പറയുന്നത്.
സത്യത്തിൽ മമ്മൂട്ടി തന്നെയാണ് ബുദ്ധിമാനായ കുറ്റാന്വേഷക കഥാപാത്രത്തെ സങ്കൽപ്പിച്ച് ഒരുപടം ചെയ്താലോ എന്ന നിർദേശം വെച്ചത്.
ആദ്യം അലി ഇമ്രാൻ എന്നായിരുന്നു സിബിഐ ഓഫിസർക്കുവേണ്ടി ആലോചിച്ച പേര്. അതുവേണ്ടാ, അയ്യരാവട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അങ്ങനെയാണ് സേതുരാമയ്യർ പിറക്കുന്നത്.
മാതൃകകൾ ഒന്നുമില്ലാത്ത തികച്ചും സാങ്കൽപ്പിക കഥാപാത്രമാണ് സേതുരാമയ്യർ. ഒരുപാട് പോലീസ് കഥകൾ മലയാള സിനിമയിൽ ഇറങ്ങിയ കാലത്തായിരുന്നു അയ്യരുടെ വരവ്.
നീണ്ട സംഭാഷണങ്ങളും സംഘട്ടനരംഗങ്ങളും ആയിരുന്നു ഈ പോലീസ് സിനിമകളിൽ അധികം ഉണ്ടായിരുന്നത്. ആ സമയത്താണ് സൗമ്യനായ, ആരോടും തല്ലിന് പോവാത്ത, വ്യത്യസ്തനായ കുറ്റാന്വേഷകനെ അവതരിപ്പിക്കുന്നത്.
സാധാരണ സിനിമകളിൽ പോലീസുകാർ ചോദ്യം ചെയ്യുന്ന രീതി ആകെ മാറ്റി വ്യത്യസ്തമായ ശൈലി കൊണ്ടുവന്നതും അയ്യർ തന്നെ. കൈകൾ പിറകിൽ കെട്ടിയുള്ള നടത്തവും ശരീരഭാഷയുമെല്ലാം മമ്മൂട്ടി തന്നെ ഉണ്ടാക്കി എടുത്തതാണ്.
അലി ഇമ്രാൻ എന്ന പേര് എസ് എൻ സ്വാമി പിന്നീട് മോഹൻലാലിന് നൽകുകയായിരുന്നു.
എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത 1988ൽ റിലീസ് ചെയ്ത മൂന്നാംമുറ എന്ന ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥനായ നായക കഥാപാത്രത്തിന്റെ പേര് അലി ഇമ്രാൻ എന്നായിരുന്നു.
മോഹൻലാലാണ് അലി ഇമ്രാനായി അഭിനയിച്ചത്. ഈ ചിത്രവും വലിയ വിജയമായിരുന്നു. മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അത്. രേവതിയായിരുന്നു ചിത്രത്തിലെ നായിക. -പി.ജി