ചാത്തന്നൂർ: കോവിഡ് പ്രതിരോധവും ചികിത്സാ സൗകര്യമൊരുക്കലും നടത്തുന്ന സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനം പൂതക്കുളം ഗ്രാമപഞ്ചായത്ത് തടഞ്ഞുവെന്ന് ആരോപണം.
ഗ്രാമപഞ്ചായത്തിലെ ബിജെപിക്കാരായ ഗ്രാമ പഞ്ചായത്തംഗങ്ങൾ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനം തടഞ്ഞുവച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.
സേവാഭാരതിയുടെ വാഹനങ്ങൾ സർവീസ് നിർത്തിവയ്ക്കണമെന്ന് പരവൂർ പോലീസ് അറിയിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്.
സെക്രട്ടറിയുടെ നിർദേശപ്രകാരമായിരുന്നു പോലീസ് നടപടി. അഞ്ചു വാഹനങ്ങളാണ് സേവാഭാരതിയുടെ നേതൃത്വത്തിൽ പുതക്കുളം പഞ്ചായത്തിൽ സേവന സർവീസ് നടത്തുന്നത്. ഓഫീസും പ്രവർത്തിക്കുന്നുണ്ട്.
വാഹനങ്ങൾ ഓടിക്കരുതെന്ന അറിയിപ്പു ലഭിച്ചതോടെയാണ് പഞ്ചായത്തംഗങ്ങളായ സജീഷ് മമുട്ടം, ആർഎസ് രാഖി, മഞ്ജുഷ സത്യശീലൻ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ ഒരുക്കങ്ങൾ വിലയിരുത്താൻ പുറപ്പെടുകയായിരുന്ന പഞ്ചായത്ത് സെക്രട്ടറി വി.ജി ഷീജയെ വാഹനത്തിന് മുന്നിൽ പ്ലക്കാർഡുകളുമായെത്തിയവർ തടഞ്ഞു. സെക്രട്ടറി രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു ആരോപണം.
പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ശേഷം പ്രവർത്തിച്ചാൽ മതിയെന്ന് നിർദേശിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ അഞ്ച് വാഹനങ്ങളും സന്നദ്ധ പ്രവർത്തകരും പ്രവർത്തിക്കുന്നുണ്ട്. എല്ലാ സംഘടന കളും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ശേഷമാണ് പ്രവർത്തിക്കുന്നതെന്നും സെക്രട്ടറി പറഞ്ഞു.
പൂതക്കുളം ഗ്രാമപഞ്ചായത്തിൽ സേവാഭാരതിയുടെ പ്രവർത്തനം തടഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ സേവാഭാരതിയുടെ സഹായ ഡസ്കിലൂടെ നൂറുകണക്കിന് പേർക്ക് സഹായം നൽകിയിരുന്നു.
അഞ്ച് ആംബുലൻസുകളും വിളിപ്പുറത്ത് ഓടിയെത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മണ്ഡലത്തിലുണ്ടായ മുന്നേറ്റമാണ് സേവന പ്രവർത്തനങ്ങൾ തടയുന്നതിനുള്ള കാരണമായതെന്ന് ഗോപകുമാർ ആരോപിച്ചു.