സ്വന്തം ലേഖകന്‍
തിരുവനന്തപുരം (നെയ്യാറ്റിന്‍കര): ലോക്ക് ഡൗണ്‍ കാലത്തും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സേവാസാധന നല്കുന്ന ഉച്ചഭക്ഷണ വിതരണത്തിന് തടസമില്ല.
നന്മക്കൂട്ടുകളുടെ ഈ സ്നേഹദൗത്യത്തിന് ലോക്ക് ഡൗണ്‍ വേളയിലാണ് 21 വര്‍ഷം പൂര്‍ത്തിയായത്. ഭക്ഷണത്തോടൊപ്പം പായസ വിതരണവും നടത്തി ലളിതമായിട്ടായിരുന്നു കഴിഞ്ഞ ദിവസത്തെ വാര്‍ഷികാഘോഷം.
1999 മുതല്‍ ഒരു ദിവസം പോലും മുടക്കമില്ലാതെയാണ് ഈ സന്നദ്ധ സംഘടന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കിയിട്ടുള്ളതെന്നതും മാതൃകാപരമായ സേവനത്തിന് മാറ്റു കൂട്ടുന്നു.
രണ്ടു പതിറ്റാണ്ടുകള്‍ക്കു മുന്‍പാണ് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ അഡ്വ. തലയല്‍ എസ്. കേശവന്നായര്, ബി.വി സുധാകരന്‍നായര്‍, അയണിത്തോട്ടം കൃഷ്ണന്‍നായര്‍, വി. കേശവന്‍കുട്ടി എന്നിവരുള്‍പ്പെട്ട കൂട്ടായ്മ സേവാസാധനയെന്ന ശീര്‍ഷകത്തില്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്കാന് തീരുമാനിച്ചത്.
ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് കമ്മിറ്റി സേവാസാധനയുടെ കാരുണ്യമാര്‍ന്ന ഈ താത്പര്യത്തിന് അനുമതിയും നല്കി. പ്രതിദിനം അന്നത്തെ ഉച്ചഭക്ഷണത്തിന് വേണ്ടിയിരുന്ന ആകെ ചെലവ് 150 രൂപയായിരുന്നു.
അതിനായി മുപ്പതു സുമനസുകളെ കണ്ടെത്തി. ഓരോ ദിവസവും ഓരോരുത്തരുടെ ചെലവ് എന്ന രീതിയില്‍ ഭക്ഷണമൊരുക്കി. സേവാസാധന കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷനായിരുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ആഹാരമൊരുക്കും.
ഉച്ചഭക്ഷണത്തിനുള്ള ആവശ്യക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, അരിയുടെയും മറ്റു സാധനങ്ങളുടെയും വിലയിലും കാലാനുസൃതമായ വര്‍ധനയുണ്ടായി. പക്ഷെ, ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഒരു നേരത്തെ വിശപ്പടക്കാന്‍ ആരംഭിച്ച മഹായത്നം സേവാസാധന തികഞ്ഞ ഉത്തരവാദിത്വത്തോടെ തന്നെ തുടരുന്നു.
ഇപ്പോള്‍ ശരാശരി 350-400 പേര്‍ക്കു വരെ ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്ന് സേവാസാധന പ്രസിഡന്റ് അയണിത്തോട്ടം കൃഷ്ണന്‍നായരും സെക്രട്ടറി വി. കേശവന്‍കുട്ടിയും പറഞ്ഞു. അബൂബക്കര്‍ ഹാജിയാര്, പ്രഫ. സദാശിവന്നായര്, ഓമനയമ്മ, ജഡാദരന്നായര്, രാജ്മോഹന്‍, നെയ്യാറ്റിന്‍കര രവി, ജയകുമാര്‍ എന്നിങ്ങനെ സേവാസാധനയുടെ പ്രവര്‍ത്തനങ്ങളില്‍ കൂട്ടു ചേര്‍ന്നവര്‍ ഏറെ.
പാചകത്തിനായി സേവാസാധന തന്നെ ഒരാളെ നിയോഗിച്ചിട്ടുണ്ട്. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് ഉച്ചഭക്ഷണ വിതരണം. രാഷ്ട്രീയത്തിനതീതമായ സൗഹൃദമാണ് ഈ കൂട്ടായ്മയുടെ മറ്റൊരു സവിശേഷത.
സേവാസാധനയുടെ അംഗങ്ങള്‍ തന്നെയാണ് ആശുപത്രിയിലെത്തി ഭക്ഷണം വിതരണം ചെയ്യുന്നത്. ഇതിനു പുറമേ അത്യാവശ്യക്കാര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ വാങ്ങി നല്‍കാറുണ്ട്. ആശുപത്രിയില്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കായി വിശ്രമകേന്ദ്രം നിര്‍മിച്ചതും സേവാസാധനയാണ്.