പ്രണയനിഷേധത്തിന്റെ പേരിലുള്ള കൊലകള്‍ ആവര്‍ത്തിക്കുമ്പോള്‍ ലജ്ജയും വേദനയും കൊണ്ട് തല താഴ്ത്തുകയാണ് മലയാളികള്‍. ഉത്തരേന്ത്യയില്‍ കണ്ടിരുന്ന ദുരഭിമാനക്കൊലകളും കേരളത്തില്‍ അപൂര്‍വമല്ലാതായിരിക്കുകയാണ്. എങ്ങനെയായാലും ബലിയാടാവുന്നത് പെണ്‍കുട്ടികളാണെന്നു മാത്രം. വീട്ടുകാരെ പേടിച്ച് പ്രണയം നിഷേധിക്കുകയോ ഇടയ്ക്കു വെച്ച് പ്രണയത്തില്‍ നിന്നും പിന്മാറുകയോ ചെയ്താല്‍ കാമുകന്‍ തീ കൊളുത്തിക്കൊല്ലും. കേരളം സമീപകാലത്തായി അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളാണിവ.
ഇത്തരം സംഭവങ്ങളില്‍ ഏറ്റവും അവസാനത്തേതാണ് തൃശ്ശൂരില്‍ വ്യാഴാഴ്ച നടന്നത്.സമീപകാലത്ത് പുരുഷന്മാര്‍ തീ കൊളുത്തിക്കൊന്നത് അഞ്ച് സ്ത്രീകളെയാണ്. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ക്യാമ്പസിലും മറ്റൊരു പെണ്‍കുട്ടി വീട്ടിലും കുത്തേറ്റ് മരിച്ചു. പ്രണയം നിരസിച്ച പെണ്ണിന് നടുറോഡിലും ക്യാമ്പസിലും എന്നുവേണ്ട വീട്ടിലും പോലും രക്ഷയില്ല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചുവെന്ന കാരണത്തിന് തിരുവല്ലയില്‍ പെണ്‍കുട്ടിയെ കഴുത്തില്‍ കുത്തിയ ശേഷം പെട്രോളൊഴിച്ച് തീ വെച്ചത് മാര്‍ച്ച് 12 നായിരുന്നു. തിരുവല്ലയിലെ റോഡില്‍ പട്ടാപ്പകല്‍ കത്തിച്ച സംഭവത്തില്‍ വേദനകൊണ്ട് പുളഞ്ഞ പെണ്‍കുട്ടി എട്ടാം നാള്‍ മരണത്തിന് കീഴടങ്ങി.
ആ സംഭവം നടന്ന് ഒരു മാസം പിന്നിടുംമുമ്പേ തൃശ്ശൂരില്‍ അതേ സംഭവം ആവര്‍ത്തിക്കുന്നു. ആ സംഭവത്തെക്കുറിച്ച് അറിഞ്ഞയാളായിരിക്കും തൃശ്ശൂരിലെ കൊലയാളി എന്ന് നമുക്ക് നിസംശയം പറയാം. എന്നിട്ടും അതേ സംഭവം ആവര്‍ത്തിക്കാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്തായിരിക്കും. തിരുവല്ലയില്‍ നടുറോഡില്‍ വച്ചായിരുന്നു ദാരുണ സംഭവമെങ്കില്‍ തൃശ്ശൂരില്‍ സ്ഥലം പെണ്‍കുട്ടിയുടെ വീടായിരുന്നുവെന്ന് മാത്രം.
വേറെയുമുണ്ട് സംഭവങ്ങള്‍. കോട്ടയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥി ക്യാമ്പസില്‍ ചേര്‍ത്തു പിടിച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത് 2017 ഫെബ്രുവരി രണ്ടിന്. ഇരുവരും സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മലപ്പുറം തിരൂരില്‍ 15 കാരിയെ ബംഗാളി യുവാവ് വീട്ടില്‍ കയറി കുത്തിക്കാന്നത് സെപ്റ്റംബര്‍ 29 ന്. പ്രണയം നിരസിച്ചതായിരുന്നു കാരണമെന്നാണ് 25 കാരനായ പ്രതിയുടെ മൊഴി. പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പ്രണയം നിരസിച്ച 17 കാരിയെ വീട്ടിലെത്തി പെട്രോളൊഴിച്ച് തീ വെച്ചത് 2017 ജൂലൈ 14 ന്. ആ പെണ്‍കുട്ടി 22 ന് മരിച്ചു.
തൃശ്ശൂരില്‍ പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ ആളുകള്‍ നോക്കി നില്‍ക്കേ പെട്രോളൊഴിച്ച് തീവെച്ച് കൊന്നത് 2018 ഏപ്രില്‍ 30 ന്. കാസര്‍ഗോട് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ കോളജിലെത്തി കുത്തിക്കൊന്നത് 2018 ഫെബ്രുവരി 23 നായിരുന്നു. അങ്ങനെ പ്രണയനഷ്ടത്തിന്റെ പേരിലുള്ള പകയുടെയും പ്രതികാരത്തിന്റെയും നാടായി കേരളം മാറുകയാണെന്ന് ഒരു മലയാളി ചിന്തിച്ചാല്‍ അയാളെ ഒട്ടും കുറ്റം പറയാന്‍ പറ്റില്ലാത്ത സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.