അങ്കമാലി താലൂക്ക് ആശുപത്രിയില്‍ ഏഴുവയസ്സുകാരിയ്ക്ക് മരുന്നു മാറി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പെടുത്ത സംഭവത്തില്‍ നടപടി.
താല്‍ക്കാലിക ജോലിക്കാരിയായ നഴ്സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നല്‍കുകയായിരുന്നു.
കുട്ടിയുടെ അമ്മ ഒപിയില്‍ ചീട്ടെടുക്കാന്‍ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നല്‍കിയത്.
പനിബാധിച്ച കുട്ടിയെ കഴിഞ്ഞ ബുധനാഴ്ച ഒപിയില്‍ ഡോക്ടറെ കാണിച്ചിരുന്നു. പനി കുറയാതെ വന്നതോടെ വെള്ളിയാഴ്ച രാവിലെ ഏഴരയോടെ വീണ്ടും ഡോക്ടറെ കണ്ടപ്പോള്‍ പനിയുടെ ഗുളിക കഴിക്കണമെന്നും പനി കുറയുമ്പോള്‍ രക്തപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.
ഇതുപ്രകാരമാണു കാഷ്വാലിറ്റിയുടെ സമീപത്തുള്ള നഴ്സിംഗ് റൂമിലെത്തി ഡോക്ടറുടെ കുറിപ്പ് നല്‍കിയത്. കുത്തിവെപ്പ് റൂമിലേക്കു വരാന്‍ നഴ്സ് ആവശ്യപ്പെട്ടു.
ഡോക്ടറുടെ ചീട്ട് കൊടുത്തപ്പോള്‍ തന്നെ തിരികെ നല്കി ഒപിയില്‍ പോയി ചീട്ടെടുത്തു വരാന്‍ നഴ്സ് നിര്‍ദേശിച്ചതായി കുട്ടിയുടെ അമ്മ പറഞ്ഞു.
ഇതിനായി കൗണ്ടറിലേക്കു പോയി വന്നപ്പോഴേക്കും കുട്ടിക്കു കുത്തിവയ്പു നല്‍കിയിരുന്നു.
രക്തപരിശോധന നടത്താതെ കുത്തിവയ്പ് എടുത്തത് എന്തിനെന്നു ചോദിച്ചപ്പോള്‍ കുട്ടിയെ പൂച്ച കടിച്ചിട്ടല്ലേ വന്നതെന്നു നഴ്സ് അന്വേഷിച്ചു.
ഡോക്ടര്‍ കുറിച്ചു നല്കിയ ചീട്ട് നഴ്സ് തിരിച്ചു തന്നതിനാല്‍ ചീട്ടില്ലാതെയാണു നഴ്സ് കുത്തിവയ്പ്പെടുത്തതെന്ന് അമ്മ പറയുന്നു.
തര്‍ക്കമായതോടെ ഡോക്ടര്‍മാരെത്തി വാക്സിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പൂച്ചയുള്ള വീടുകളിലുള്ളവര്‍ ഇത്തരം വാക്സിന് എടുക്കാറുണ്ടെന്നും അറിയിച്ചു.
വാക്സിന്റെ ബാക്കി ഡോസുകള്‍ അടുത്ത ദിവസങ്ങളില്‍ വന്ന് എടുക്കാനും നിര്‍ദേശിച്ചു.
പൂച്ച മാന്തിയതുമായി ബന്ധപ്പെട്ടു കുട്ടിക്ക് ഇതിനു മുന്‍പ് വാക്സിന് എടുത്തിട്ടുണ്ടെന്നും ആവശ്യമില്ലാതെ കുത്തിവയ്പ് നല്കിയതിനാല് വിദഗ്ധ ചികിത്സയ്ക്കായി വേറെ ആശുപത്രിയില്‍ കൊണ്ടുപോകുമെന്നും വീട്ടുകാര്‍ പറഞ്ഞു.
പൂച്ച കടിച്ചതിനെ തുടര്‍ന്നു മറ്റൊരു കുട്ടി ഈ സമയം എത്തിയിരുന്നുവെന്നും രണ്ടു കുട്ടികളെയും തമ്മില്‍ മാറിപ്പോയതാണെന്നും പിന്നീട് വ്യക്തമാവുകയായിരുന്നു.സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.