തിരുവനന്തപുരം: മലബാറിലെ നെൽപ്പാടങ്ങളും ചെറു ഗ്രൗണ്ടുകളുമെല്ലാം വേനൽക്കാലങ്ങളിൽ കാൽപ്പന്തുകളിയുടെ ആവേശകേന്ദ്രങ്ങളാണ്. മലപ്പുറം ഉൾപ്പെടെയുള്ള മലബാർ ജില്ലകളിൽ സെവൻസ് ഫുട്ബോൾ വലിയ ഹരമാണ്. മലപ്പുറത്തു ഫുട്ബോളിന്റെ ആത്മാവാണ് സെവൻസ് ഫുട്ബോൾ.
ഈ മലബാറിലെ ഈ ഫുട്ബോൾ ആവേശം ഇപ്പോൾ വടക്കൻ ജില്ലകൾ കടന്നു തിരുവിതാംകൂറിലെ ഫുട്ബോൾ പ്രേമികളുടേയും മനസ് കീഴടക്കുന്നു. എറണാകുളം, കോട്ടയം ജില്ലകൾ ഇപ്പോൾ സെവൻസ് ഫുട്ബോളിന്റെ ആവേശത്തിരയിലാണ്. തിരുവനനന്തപുരത്തു തീരദേശമേഖലയിൽ പൊഴിയൂർ മുതൽ അഞ്ചുതെങ്ങു വരെ സെവൻസ് ഫുട്ബോൾ ലഹരിയിലേക്ക് കടന്നു.
കാൽപ്പന്തുകളിയിൽ ആഫ്രിക്കൻ താരങ്ങളുടെ അത്യുഗ്രൻ വേഗവും മലയാളി താരങ്ങളുടെ ചടുല നീക്കങ്ങളും കാണികൾക്ക് ആവേശം വിതറുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സ്വീകാര്യത വൻതോതിൽ വർധിക്കുന്നതാണ് കഴിഞ്ഞ വർഷങ്ങളിലെ സെവൻസ് ഫുട്ബോൾ മത്സരങ്ങളുടെ പ്രൈസ് മണിയും ജനപങ്കാളിത്തവും വ്യക്തമാക്കുന്നത്. കേരള ഫു്ടബോൾ അസോസിയേഷൻ സംസ്ഥാനത്ത് നടത്തുന്ന മേജർ ടൂർണമെന്റിനേക്കാൾ വലിയ തുകയാണ് സെവൻസ് ഫുട്ബോൾ മത്സര വിജയികൾക്ക് സംഘാടകർ നല്കുന്ന പ്രൈസ് മണി.
നാട്ടിൻപുറങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്ക് കൂടുതൽ അവസരം ഒരുക്കുന്നതിനുകൂടിയാണ് സെവൻസ് മത്സരങ്ങൾ ഒരുക്കുന്നത്. ഇത്തരം മത്സരങ്ങൾക്കായി ഫുട്ബോൾ അസോസിയേഷന്റെ കൂടുതൽ സഹായങ്ങൾ വേണമെന്ന ആവശ്യമാണ് സെവൻസ് ഫുട്ബോൾ നടത്തിപ്പുകാർ മുന്നോട്ടുവയ്ക്കുന്നത്.
മലബാറിൽ നല്കുന്ന പ്രൈസ് മണി തുകയോളം വരുന്ന തുക നല്കി മധ്യകേരളത്തിലും സെവൻസ് ഫുട്ബോൾ ടൂർണമെന്റ് വരികയാണ്. കോട്ടയം ജില്ലയിൽ കളത്തൂരിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പ്രൈസ് മണി തുകകളിൽ ഒന്നായ രണ്ടു ലക്ഷം രൂപ ഒന്നാം സമ്മാനം നല്കിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
മധ്യകേരളത്തിൽ സെവൻസ് ആവേശം എത്രത്തോളമെത്തുന്നു എന്നതിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് വൻ തുക പ്രൈസ് മണി നല്കിയുള്ള ഈ ടൂർണമെന്റ്. രണ്ടാം സമ്മാനമായി ഒന്നരലക്ഷം രൂപയാണ് ഈ ടൂർണമെന്റിൽ നല്കുന്നതെന്നു സംഘാടകസമിതി ചെയർമാൻ എസ്. സന്തോഷ്കുമാർ പറഞ്ഞു.
മേയ് അഞ്ചു മുതൽ 12 വരെയാണ് കോട്ടയത്തെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്. മേയിൽ തന്നെ തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലകളിലും നിരവധി ടൂർണമെന്റുകൾ നടക്കുന്നുണ്ട്. 50,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ സമ്മാനത്തുക നല്കിയാണ് ഈ ടൂർണമെന്റുകൾ നടത്തുന്നത്.
സെവൻസ് ഫുട്ബോൾ, നാട്ടിൻപുറത്തെ കായികതാരങ്ങൾക്ക് മികച്ച അവസരം ലഭിച്ചാൽ അത് കേരളാ ഫുട്ബോളിനു തന്നെ ഗുണകരമാകുമെന്നു മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ് പറയുന്നു.
തോമസ് വർഗീസ്