മുംബൈ: ഇന്ത്യയുടെ വിരേന്ദർ സെവാഗ്, ശ്രീലങ്കയുടെ അരവിന്ദ് ഡിസിൽവ, ഇന്ത്യൻ വനിതാ ടീം മുൻ ക്യാപ്റ്റൻ ഡയാന എഡുൽജി എന്നിവർ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാൾ ഓഫ് ഫെയിമിൽ. ഐസിസിയുടെ ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണു ഡയാന എഡുൽജി.
ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിക്കുന്ന എട്ടാമത്തെ ഇന്ത്യൻ പുരുഷതാരമാണു സെവാഗ്. സുനിൽ ഗാവസ്കർ, ബിഷൻ സിംഗ് ബേദി, കപിൽ ദേവ്, അനിൽ കുംബ്ലെ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിനു മങ്കാദ് എന്നിവരാണു നേരത്തെ ഇതിലെത്തിയവർ.
സെവാഗ്, ഡിസിൽവ, ഡയാന എഡുൽജി എന്നിവരെ നാളെ ലോകകപ്പ് സെമി ഫൈനൽ വേദിയായ വാങ്കഡെ സ്റ്റേഡിയത്തിൽ വച്ച് ആദരിക്കും.
ആധുനിക ക്രിക്കറ്റിൽ വെടിക്കെട്ട് ബാറ്റിംഗ് ശൈലികൊണ്ടു സ്ഥാനം പിടിച്ച ആളാണ് സെവാഗ്. 2007ലെ ട്വന്റി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് കിരീടങ്ങൾ ഇന്ത്യക്കു നേടിത്തന്നതിൽ വലിയ പങ്കുവഹിച്ചു.
14 വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ 17,000 റണ്‍സാണ് അടിച്ചുകൂട്ടിയത്. ടെസ്റ്റിൽ രണ്ടു തവണ ട്രിപ്പിൾ സെഞ്ചുറി എന്ന അപൂർവ നേട്ടത്തിനുടമയാണു സെവാഗ്.