കോട്ടയം: നഗരമധ്യത്തിലെ പെണ്‍വാണിഭ കേന്ദ്രത്തിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി മാനസ് മാത്യുവിനായി തെരച്ചിൽ ഊർജിതമാക്കി പോലീസ്.
രണ്ടു സംഘങ്ങളായി തിരിഞ്ഞ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തുന്നത്. സംഘത്തിലെ ആളുകൾ പിടിയിലായതോടെ പോലീസ് തന്റെ പിന്നാലെയുണ്ടെന്നു മനസിലാക്കിയ മാനസ് മാത്യു താവളങ്ങൾ മാറി യാത്ര ചെയ്യുകയാണ്.
ജില്ലയിലെ വലിയ പെണ്‍വാണിഭ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് സംശയിക്കുന്നു.പെണ്‍വാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണു ക്വട്ടേഷനു കാരണമെന്നു പോലീസ് പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിലുള്ള ഹണിട്രാപ്പ് സംബന്ധിച്ചുള്ള ആരോപണം ദൂരൂഹമായി തുടരുന്നത്.
കേസിൽ രണ്ടു പ്രതികളെ പിടികൂടി. എന്നാൽ സംഭവത്തിനു പിന്നിലെ ഗൂഡാലോചനക്കാരെ പിടികൂടാത്തതും കേസിലെ ബാഹ്യ ഇടപെടലുകളും ദുരൂഹത സൃഷ്ടിക്കുന്നു. പൊൻകുന്നം കോയിപ്പള്ളി പുതുപ്പറന്പിൽ അജ്മൽ, മല്ലപ്പള്ളി വായ്പൂർ കുഴിക്കാട്ട് സുലേഖ (ശ്രുതി) എന്നിവരെയാണു പോലീസ് പിടികൂടിയത്.
ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസ്, അമീർഖാൻ എന്നിവരെയാണു കോട്ടയം മാർക്കറ്റ് ഭാഗത്തുള്ള വീട്ടിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്. അറസ്റ്റിലായ അജ്മലിനെ സംഭവം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തിയിരുന്നു. ക്വട്ടേഷൻ സംഘങ്ങൾ എത്തിയതും തന്പടിച്ചതും ആക്രമണം നടത്തിയതും ഇയാൾ പോലീസിനോട് വിശദീകരിച്ചു.
തിരുവനന്തപുരത്തു നിന്നെത്തിയ 12 അംഗ ക്വട്ടേഷൻ സംഘമാണ് ആക്രമണം നടത്തിയത്. ഇവർ സംഘങ്ങളായി തിരിഞ്ഞ് സുരക്ഷിത താവളം തേടിയെന്നാണു പോലീസിനു ലഭിച്ച വിവരം. സംഘത്തിൽ ഉൾപ്പെട്ട മിക്കവരും ഒന്നാം പ്രതി മാനസ് മാത്യുവിന്റെ പെണ്‍വാണിഭ കേന്ദ്രത്തിലെ ഇടപാടുകാരാണ്.
സമൂഹ മാധ്യമങ്ങളിലൂടെയാണ് പെണ്‍വാണിഭ സംഘം ഇടപാടുകൾ നടത്തിയിരുന്നത്. രാത്രിയിൽ ഇവരുടെ വാഹനങ്ങളിൽ ഇടപാടുകാരനെ കേന്ദ്രത്തിൽ എത്തിക്കും. തുടർന്ന് ഇയാളിൽനിന്നും പണം ഇടാക്കി സ്ത്രീകളെ നൽകും. കേന്ദ്രങ്ങൾ ഇടവേളകളിൽ മാറിക്കൊണ്ടിരിക്കും.
ജില്ലയിലെ പെണ്‍വാണിഭ സംഘങ്ങളെ കണ്ടെത്തുന്നതിനു പോലീസ് നീക്കം തുടങ്ങി. സംഭവത്തിലുൾപ്പെട്ട യുവതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹണിട്രാപ്പിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി പെണ്‍വാണിഭ കേന്ദ്രത്തിലെ നടത്തിപ്പുകാരിയായ പൊൻകുന്നംസ്വദേശിനിയുടെ മൊബൈലും വാട്സ്ആപ്പും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ എത്തിയ ആളുകളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തേക്കും. അക്രമം നടന്ന വീടിനുള്ളിൽ ഷൂട്ടിംഗിനു തയാറാക്കിയ നിലയിൽ കാമറയുടെ ട്രൈപ്പോഡുകൾ ഉണ്ടായിരുന്നു.
ഈ ട്രൈപ്പോഡിലെ കാമറകൾ അക്രമികൾ കൊണ്ടു പോയതിനു പിന്നിൽ ഹണിട്രാപ്പ് സംഘത്തിൽ കുടുങ്ങിയവരാരെങ്കിലുമാകുമോ എന്ന സംശയത്തിലാണു പോലീസ്.