മുംബൈ: ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ യുവതി ശ്വാസംമുട്ടി മരിച്ച കേസിൽ ഇസ്രയേൽ പൗരനായ ആണ്‍സുഹൃത്തിനെതിരേ ഇന്ത്യയിൽ കുറ്റം ചുമത്തി. ഇരുപത്തിമൂന്നുകാരനായ ഒറിറോണ്‍ യാക്കോബിനെതിരേ മനപ്പൂർവമല്ലാത്ത നരഹത്യ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
മുംബൈയിൽ കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു സംഭവം. ഒറിറോണും ഇസ്രയേൽ സ്വദേശിനിയായ ഇയാളുടെ പെണ്‍സുഹൃത്തും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയിലെത്തിയത്. കൊളാബയിലെ ഹോട്ടലിലെ മുറിയിൽ ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ യുവതിയുടെ ചലനം നിലച്ചു. ഒറിറോണ്‍ വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് യുവതി മരിച്ചതായി സ്ഥിരീകരിച്ചു.
മരണകാരണം വ്യക്തമല്ലാതിരുന്നതിനാൽ അപകടമരണത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് ഫോറൻസിക് പരിശോധനയിൽ ലൈംഗിക ബന്ധത്തിനിടെ യുവതിയുടെ കഴുത്തിൽ ഒറിറോണ്‍ ശക്തിയായി കൈയമർത്തിയതാണു മരണകാരണമെന്നു സ്ഥിരീകരിച്ചു. ഇതേതുടർന്നാണ് യുവാവിനെതിരേ നരഹത്യാക്കുറ്റം ചുമത്തിയത്.
യുവതിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇസ്രയേലിലേക്കു കൊണ്ടുപോയി. ഒറിറോണും ഇസ്രയേലിലേക്കു മടങ്ങി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്.