ഏത് ഒളിമ്പിക്‌സ് നടന്നാലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പല താരങ്ങളെയും പരിശീലകര്‍ ഗെയിംസിന്റെ സമയത്ത് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കാറുമുണ്ട്.
ഇത്തവണത്തെ ഒളിമ്പിക്‌സിന് താരങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകള്‍ സംഘാടകര്‍ നിര്‍മ്മിച്ചത് വാര്‍ത്ത ആയിരുന്നു.
സംഘാടകര്‍ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകള്‍ക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതേ സംഘാടകര്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് സമയത്ത് കളിക്കാര്‍ തമ്മില്‍ ശാരീരീക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുകയും എന്നാല്‍ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം.
ഒളിമ്പിക്‌സില്‍ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുന്‍ ഒളിമ്പ്യന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്.
ജര്‍മനിയുടെ മുന്‍ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസന്‍ ടൈഡ്‌കെ ആണ് ഒളിംപിക്‌സും സെക്‌സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയാന്‍ മുന്നിലേക്ക് വന്നത്.
കോവിഡ് കാരണം ഒളിമ്പിക്‌സ് വില്ലേജില്‍ ലൈംഗികബന്ധം നിരോധിച്ചുവെന്ന വാര്‍ത്ത ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാണെന്ന് സൂസന്‍ പറയുന്നു.
1992ലെ ബാഴ്‌സലോണ ഒളിമ്പിക്‌സിലും 2000ലെ സിഡ്‌നി ഒളിമ്പിക്‌സിലും ജര്‍മനിയ്ക്കു വേണ്ടി സൂസെന്‍ കളത്തിലിറങ്ങിയിരുന്നു. ഒരു ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൂസന്‍ ഇത് പറഞ്ഞത്.
‘ഒളിമ്പിക്‌സ് പോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുടെ ശാരീരികോര്‍ജ്ജം മത്സരങ്ങള്‍ക്കുശേഷം ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും.
അത് പുറത്തുകളയാനുള്ള എളുപ്പ വഴി ലൈംഗികബന്ധത്തിലേര്‍പ്പെടുകയെന്നതാണ്. അതിനാല്‍ തന്നെ ഒളിംപിക്‌സില്‍ സെക്‌സ് നിരോധിക്കാനാവില്ല,’ സൂസന്‍ പറയുന്നു.
എന്നാല്‍ ശാരീരികോര്‍ജ്ജം നഷ്ടമാക്കുമെന്നതിനാല്‍ മത്സരങ്ങള്‍ക്ക് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പലപ്പോഴും പരിശീലകര്‍ തന്നെ വിലക്കിയിരുന്നെന്നും സൂസന്‍ പറയുന്നു.