കറുകച്ചാൽ: പങ്കാളികളെ പരസ്പരം കൈമാറിയ സംഭവത്തിൽ അന്വേഷണം വന്പന്മാരിലേക്കും നീളുമോ? സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്തിൽ സമൂഹ മാധ്യമ കൂട്ടായ്മിലെത്തിയവർ പണം വാങ്ങിയാണ് പലരും ഭാര്യമാരെ പരസ്പരം കൈമാറിക്കൊണ്ടിരുന്നത്.
വ്യവസായികൾ, ഡോക്ടർമാർ, അഭിഭാഷകർ, സെലിബ്രിറ്റികൾ, സർക്കാർ ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ഐടി പ്രൊഫഷണലുകൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ്.
എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുമുള്ള അംഗങ്ങൾ ഗ്രൂപ്പുകളിൽ സജീവമായിട്ടുണ്ടെങ്കിലും കോട്ടയം ജില്ലയിലെ ചിലരായിരുന്നു സംഘത്തിന്റെ ഏകോപനം നിർവഹിച്ചിരുന്നത്. പ്രതികളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ പോലീസിന്റെ അന്വേഷണം വന്പന്മാരിലേക്കും നീളാം.
സംഭവത്തിൽ കോട്ടയം കറുകച്ചാലിൽ നിന്നും അഞ്ചുപേരും എറണാകുളത്തു നിന്നും മറ്റൊരാളും ഇതുവരെ പിടിയിലായിക്കഴിഞ്ഞു. ഇനി മൂന്നു പേരാണ് പിടിയിലാകാനുള്ളത്. ഇവരിൽ ഒരാൾ സൗദ്യ അറേബ്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഭർത്താവടക്കം ഒന്പത് പേരാണ് യുവതിയെ ലൈംഗികമായും പ്രകൃതിവിരുദ്ധമായും പീഡിപ്പിച്ചത്.
വിവരങ്ങളറിഞ്ഞ സഹോദരൻ യുവതിയുമായി എട്ടിനു കറുകച്ചാൽ പോലീസിൽ പരാതി നൽകുകയായിരുന്നു.പ്രതികളുടെ മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മറ്റും പരിശോധിച്ചതിൽ നിന്ന് 14 സമൂഹമാധ്യമ കൂട്ടായ്മകളുമായി പിടിയിലായവർക്ക് ബന്ധമുണ്ടെന്നും പങ്കാളികളെ പരസ്പരം കൈമാറുന്നതിനായി മാത്രം പ്രവർത്തിക്കുന്ന കൂട്ടായ്മകൾ ആണിതെന്നും പോലീസിനു വ്യക്തമായിട്ടുണ്ട്.
ഇത്തരത്തിലുള്ള ഒട്ടേറെ സംഘങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെന്നാണു പോലീസ് നിഗമനം. സൈബർ സെല്ലിന്റെ സഹായത്തോടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. 1500 മുതൽ 2000 അംഗങ്ങൾ വരെ ഓരോ കൂട്ടായ്മയിലുമുണ്ട്. സമൂഹത്തിലെ ഉന്നതരടക്കമുള്ളവർ ഇത്തരം സംഘങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
സെക്സ് റാക്കറ്റുകളടക്കം ഇത്തരം ഗ്രൂപ്പുകളിൽ പങ്കാളികളാണ്. നവദന്പതികൾ മുതൽ വിവാഹിതരായി 20 വർഷം കഴിഞ്ഞവർ വരെ കൂട്ടായ്മയിൽ അംഗങ്ങളാണ്. വയസും ഇതിനോടു ചേർന്ന് വ്യാജപ്പേരുകളും എന്ന രീതിയിലാണു പ്രൊഫൈൽ സൃഷ്ടിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഇവർ ഉൾപ്പെടെ 40 പേർ പോലീസ് നിരീക്ഷണത്തിലാണ്. കോട്ടയത്തെ ഒരു പ്രമുഖ ഉദ്യോഗസ്ഥ ദന്പതികളാണ് ആദ്യമായി കൂട്ടായ്മ തുടങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ്.