പാശ്ചാത്യരാജ്യങ്ങളില്‍ കൗമാരക്കാര്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ അമ്മമാരാകേണ്ടി വരുന്ന പെണ്‍കുട്ടികളുടെയും അച്ഛന്മാരാകുന്ന ആണ്‍കുട്ടികളുടെയും ശാരീരിക മാനസിക ആരോഗ്യകാര്യങ്ങളെക്കുറിച്ച് ഭരണകൂടത്തിന് കൃത്യമായ ചിന്തയുണ്ട്.
കൗമാരക്കാരിലെ ആത്മഹത്യ, മാനസികാഘാതങ്ങള്‍, ചെറുപ്രായത്തിലേ അമ്മമാരാകേണ്ടി വരുന്ന അവസ്ഥ എന്നിവയെല്ലാം കണക്കിലെടുത്തു യു എസ് ഈ വിഷയത്തില്‍ ജാഗ്രത പാലിക്കാനുള്ള തീരുമാനങ്ങള്‍ എടുക്കുന്നു.
ഇത്തരത്തില്‍ കൗമാരക്കാരുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ അവരുടെ അവസ്ഥകള്‍ വിലയിരുത്താന്‍ 1990ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഇപ്പോഴും ‘സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷന്‍’ (സിഡിസി) രണ്ട് വര്‍ഷം കൂടുമ്പോള്‍ സര്‍വേ നടത്തിവരുന്നുണ്ട്.
അടുത്തിടെ സിഡിസിയുടെ ഏറ്റവും പുതിയ സര്‍വേ ലഹരി ഉപയോഗം, ഡയറ്റും വ്യായാമവും, ലൈംഗികത എന്നീ വിഷയങ്ങളാണ് പ്രധാനമായും പ്രതിപാദിച്ചത്.സര്‍വേയുടെ ഭാഗമായി പതിനാല് വയസ് മുതല്‍ പതിനേഴ് വയസുവരെയുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
സര്‍വേയില്‍ പങ്കെടുത്ത ആകെ വിദ്യാര്‍ത്ഥികളില്‍ 27 ശതമാനത്തിലധികം പേരും ‘ആക്ടീവ്’ ലൈംഗികജീവിതം നയിക്കുന്നതായി വെളിപ്പെടുത്തി.
ഇതില്‍ പകുതി പേര് മാത്രമാണ് ഗര്‍ഭ നിരോധനത്തിനായി കോണ്ടം ഉപയോഗിച്ചതത്രേ. മാത്രമല്ല ലൈംഗിക രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി വെറും ഒമ്പത് ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് കോണ്ടം ഉപയോഗിച്ചതെന്നും സര്‍വേയില്‍ വ്യക്തമാകുന്നു.
സര്‍വേഫലം വന്നതോടെ സിഡിസി ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണത്തിനൊരുങ്ങുകയാണിപ്പോള്‍. വിദ്യാഭ്യാസവും സാമൂഹികാവബോധവും ലഭിച്ചിട്ടും ഇത്തരം വിഷയങ്ങളില്‍ കൗമാരക്കാരെടുക്കുന്ന നിലപാട് ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും സിഡിസി വ്യക്തമാക്കുന്നു.
കൗമാരക്കാരായ പെണ്‍കുട്ടികള്‍ അമ്മമാരാകുന്ന സാഹചര്യം ഇനിയും ശക്തമായി തുടരാനും ലൈംഗിക രോഗങ്ങള്‍ വ്യാപകമാകാനും ഈ അവസ്ഥകള്‍ കാരണമായേക്കുമെന്നും സിഡിസി വിശദീകരിക്കുന്നു. എന്നാല്‍ ഇങ്ങ് കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ലെന്നതാണ് ഞെട്ടിക്കുന്ന കാര്യം.
സംസ്ഥാനത്ത് ഒരു മാസം വിറ്റഴിക്കുന്നത് ഒരു ലക്ഷത്തോളം ഗര്‍ഭനിരോധന ഗുളികകളാണെന്നാണ് വിവരം. അതായത് വര്‍ഷം 12 ലക്ഷം ഗുളികകള്‍. ഇതില്‍ ഏറിയ പങ്കും ഉപയോഗിക്കുന്നത് കൗമാരക്കാരാണെന്നാണ് സൂചന.