കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്ത് കെട്ടിടം വാടകയ്ക്കെടുത്ത് വേശ്യാവൃത്തി നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കാപ്പ കേസ് പ്രതിയടക്കം നാലു പേരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വടകര സ്വദേശി സി. രാജേഷ് (39), തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പി.വിഷ്ണു (35), തൃശൂര്‍ ചാലക്കുടി സ്വദേശി ഷിജോണ്‍ (44), എറണാകുളം തമ്മനം സ്വദേശി ആര്.ജി. സുരേഷ് (49) എന്നിവരാണ് അറസ്റ്റിലായത്. ഷിജോണിനെതിരേ തൃശൂര്‍ ജില്ലയിലും മറ്റുമായി 14 ഓളം ക്രിമിനല്‍ കേസുകളുണ്ട്.
ഇയാളെ ഫെബ്രുവരി 10ന് കാപ്പ ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരുന്നു. വിഷ്ണുവിനെതിരേ മോഷണ കേസുകളുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് മറ്റു പ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നത്.
ഇരകളായ നാലു സ്ത്രീകളിലൊരാളായ ആസാം സ്വദേശിനി മുമ്പും അനാശാസ്യത്തിന് അറസ്റ്റിലായിട്ടുള്ളതാണെന്ന് പോലീസ് പറഞ്ഞു.
ഇടപാടുകാരില്‍നിന്ന് ആയിരം രൂപ മുതലാണ് ഈടാക്കിയിരുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസ് സ്റ്റാന്‍ഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. പെണ്‍വാണിഭ സംഘത്തിന് നഗരത്തില്‍ മറ്റിടങ്ങളില്‍ കേന്ദ്രങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
വിവേകാനന്ദ റോഡിലുളള ഇരുനില കെട്ടിടത്തില്‍ വേശ്യാവൃത്തി നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാധിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്ലാണ് പ്രതികള്‍ പിടിയിലായത്.