ഓണ്‍ലൈന്‍ ടാക്‌സി ബിസിനസിന്റെ പേരില്‍ വയലിനു നടുവില്‍ വീട് വാടകയ്‌ക്കെടുത്ത് നടത്തിയത് ‘വേറെ ബിസിനസ്’ ! യുവതികളെ എത്തിച്ചിരുന്നത് ഭാര്യയെന്നും കസിനെന്നും പറഞ്ഞ്; തിരുവല്ലയിലെ ‘വയല്‍ വാണിഭം’ പുറംലോകം അറിഞ്ഞതിങ്ങനെ…

ഓണ്‍ലൈന്‍ ടാക്‌സി എന്ന വ്യാജേന വാടകയ്ക്ക് വീടെടുത്ത് പെണ്‍വാണിഭവും കഞ്ചാവ് ബിസിനസും നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. കൂട്ടുപ്രതികളായ രണ്ട് യുവാക്കള്‍ എക്സൈസിന്റെ വലയില്‍ നിന്നും രക്ഷപെട്ടു. തിരുവല്ല ചാത്തങ്കരിയില്‍ പാടശേഖരത്തിന് നടുവില്‍ ഒറ്റപ്പെട്ടു കിടന്നിരുന്ന വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്ന യുവാക്കള്‍ പിടിയിലായപ്പോള്‍ പുറത്തു വന്നത് നിരവധി ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരങ്ങളാണ്.

വാടക വീട് കേന്ദ്രീകരിച്ചിരുന്ന രണ്ട് യുവാക്കളെ എക്സൈസ് സംഘം വ്യാഴാഴ്ച പുലര്‍ച്ചെ വളഞ്ഞിട്ട് പിടിച്ചതോടെയാണ് വന്‍ കഞ്ചാവ് – ക്വട്ടേഷന്‍ – സെക്സ് മാഫിയ ഇടപാടുകള്‍ വെളിച്ചത്ത് വന്നത്. നിരവധി കേസുകളില്‍ പ്രതിയായ തിരുവല്ല കുറ്റപുഴ പന്തിരുകാലായില്‍ സജിത്ത് (21) കുന്നന്താനം അമ്പലപ്പറമ്പില്‍ വീട്ടില്‍ അജിത് (19) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ല സ്വദേശികളായ ശിവ കൃഷ്ണന്‍ , സുജുകുമാര്‍ എന്നിവരാണ് രക്ഷപെട്ടത്. പിടിയിലായവരില്‍ നിന്നും 1200 ഗ്രാം കഞ്ചാവും ആറു വടിവാളുകളും പിടിച്ചെടുത്തു.

പെരിങ്ങര ചാത്തങ്കരിയില്‍ വയലിന് നടുവില്‍ സ്ഥിതിചെയ്യുന്ന വീട് വാടകയ്ക്കെടുത്ത് ഓണ്‍ലൈന്‍ ടാക്സിയുടെ പേരില്‍ ഇവര്‍ കലാപരിപാടികള്‍ നടത്തിയിരുന്നത്. മൂന്നു മാസം മുമ്പാണ് ഇവര്‍ വീട് വാടകയ്ക്കെടുത്തത്. ഭാര്യയെന്നും കസിന്‍ എന്നും പറഞ്ഞ് എത്തിക്കുന്ന യുവതികളെ ഉപയോഗിച്ചായിരുന്നു പെണ്‍വാണിഭം. ഇത്തരം സ്ത്രീകളെ മറയാക്കിയാണ് തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി വഴി ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വലിയ അളവില്‍ കഞ്ചാവ് എത്തിച്ച് പ്രധാന ഇടനിലക്കാര്‍ക്ക് രഹസ്യ കേന്ദ്രങ്ങളില്‍ കിലോക്കണക്കിന് നല്‍കുന്നതാണ് ഇവരുടെ രീതി.

വീട്ടിലേക്ക് രാപകല്‍ ഭേദമില്ലാതെ നിരവധി വാഹനങ്ങള്‍ വന്നുപോയതോടെയാണ് ഇവര്‍ നിരീക്ഷണത്തിലായത്. പോലീസിനു നേരെ കുരുമുളക് സ്‌പ്രേ അടിച്ചതിന് അറസ്റ്റിലായ കഞ്ചാവ് കാരിയറായ കൊയിലാണ്ടി സ്വദേശി രാഹുല്‍ ഇവിടെ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് എക്‌സൈസ് റെയ്ഡ് നടത്തിയത്.

എക്സൈസ് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപെട്ട തിരുവല്ല കുറ്റപ്പുഴ സ്വദേശികളായ ശിവകൃഷ്ണന്‍, സുജുകുമാര്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സുജുകുമാറിന്റെ പേരിലുള്ള ബൈക്ക് വാടക വീട്ടില്‍ നിന്നും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ ചെറിയ കാലയളവിലേക്ക് വീട് വാടകയ്ക്കെടുത്ത് കഞ്ചാവ് കച്ചവടം ഉള്‍പ്പടെയുള്ള ഇടപാടുകള്‍ നടത്തുന്നതാണ് ഇവരുടെ രീതിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related posts