കണ്ണൂർ: കണ്ണൂർ നഗരം കേന്ദ്രീകരിച്ച് പെൺവാണിഭവും അനാശാസ്യവും കൊഴുക്കുന്നു. രാത്രിയിൽ നഗരത്തിരക്കൊഴിയുന്നൊതോടെയാണ് നിശാസുന്ദരികളും ഏജന്റുമാരും സജീവമാകുന്നത്. പെൺകുട്ടികൾ മുതൽ മധ്യവയ്സ്കകൾ വരെ ഈ സംഘത്തിലുണ്ട്.
നിശാസുന്ദരികളെ തേടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയ്ക്ക് പുറത്തു നിന്നും വരെ ആളുകൾ എത്തുന്നതായാണ് റിപ്പോർട്ട്. പ്രത്യേക കോഡ് ഉപയോഗിച്ചാണ് ഇടപാട് നിശ്ചിക്കുന്നത്. ആഡംബര കാറുകളിലും മറ്റുമെത്തിയ ശേഷം ആളെ തെരഞ്ഞെടുത്ത് നഗരത്തിൽ കറങ്ങിയോ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചോ ആണ് ആവശ്യക്കാർ കാര്യം നിർവഹിച്ചു മടങ്ങുന്നത്.
പെൺവാണിഭത്തിന്റെ ഏജന്റുമാരായി പ്രവർത്തിക്കുന്നവർ തന്നെ ഇടപാടുകാരെ ഭീഷണിപ്പെടുത്തിയും മറ്റും പണം കവരുന്നുമുണ്ട്. എന്നാൽ മാനഹാനി ഭയന്ന് പലരും ഇക്കാര്യം പുറത്തു പറയുകയോ പരാതി നൽകുകയോ ചെയ്യാറില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാത്രി അസമയത്ത് ബൈക്കുകളിലും കാറുകളിലുമായി ചിലർ നഗരത്തിൽ കറങ്ങുന്നത് പോലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
ചിലരെ ചോദ്യം ചെയ്തപ്പോൾ ചായ കുടിക്കാനും തട്ടുകടയിലെ ഭക്ഷണം കഴിക്കാനുമായി എത്തിയതായിരുന്നുവെന്നാണ് മറുപടി നൽകിയത്. പലരും കണ്ണൂർ നഗരത്തിലുള്ളവരായിരുന്നില്ല. ജില്ലയുടെ വിദൂര ഭാഗങ്ങളിൽ നിന്നു പോലും ഇത്തരത്തിൽ “ചായ’ കുടിക്കാനെത്തുന്നവരുടെ എണ്ണം കൂടിയതോടെ പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
അസമയത്ത് “ചായ’ കുടിക്കാനെത്തിയ ചിലർക്ക് പോലീസ് മുന്നറിയിപ്പ് നൽകി പറഞ്ഞു വിട്ടു. ഇത്തരക്കാർക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന്റെ തീരുമാനം.